‘ഇവനെ പ്രേതമായിട്ട് ഒന്ന് ആലോചിച്ച് നോക്കിയേ, പേടിച്ച് ചാവില്ലേ?..’ – യുവനടനെ അപമാനിച്ച് സൗബിൻ ഷാഹിർ

ജിത്തു മാധവൻ സംവിധാനം ചെയ്ത സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ഒരുപറ്റം പുതുമുഖ താരങ്ങളും ഒരുമിച്ച് അഭിനയിച്ച തിയേറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് രോമാഞ്ചം. ഒതളങ്ങത്തുരുത്ത് എന്ന വെബ് സീരിസിലൂടെ സുപരിചിതനായ എബിൻ ബിനോയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഷിജപ്പാൻ എന്ന കഥാപാത്രമായിട്ടാണ് എബിൻ അഭിനയിക്കുന്നത്.

ഗപ്പി, അമ്പിളി എന്നീ സിനിമകളുടെ സംവിധായകനായ ജോൺപോൾ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 3-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിനത്തിൽ തന്നെ എങ്ങും പോസിറ്റീവ് റിപ്പോർട്ടുകൾ മാത്രമാണ് ലഭിച്ചത്. 7 ബാച്ചിലർമാർ ഓജോ ബോർഡ് കളിച്ചതിന് ശേഷം നടന്ന യഥാർത്ഥ സംഭവങ്ങളെയും തുടർന്നുള്ള കാര്യങ്ങളും അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.

അതെ സമയം സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രൊമോഷൻ പരിപാടിയിൽ സൗബിൻ അതിൽ അഭിനയിച്ച എബിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്. എബിന്റെ നിറത്തെ അപമാനിച്ചാണ് സൗബിൻ സംസാരിച്ചത്. “ഇവനെ ഒന്ന് ആലോചിച്ച് നോക്കിക്കേ.. പ്രേതമാണെങ്കിൽ പേടിച്ചു ചാകില്ലേ?”, ഇതിന് ശേഷം താനൊരു വലിയ കോമഡി പറഞ്ഞ പോലെ സൗബിൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തു.

ഒപ്പം ഇരുന്നവർ ആരും തന്നെ ചിരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. “ശരിക്കും ഈ സിനിമയിൽ ലുക്ക് വച്ചിട്ട് ആരായിരിക്കും പ്രേതം?” ഇത് പറഞ്ഞ ശേഷം വീണ്ടും എബിനെ ചൂണ്ടികാണിച്ചു സൗബിൻ. സൗബിന്റെ ഈ പ്രസ്താവന വളരെ മോശമായി പോയി എന്നാണ് മലയാളികൾ ഒന്നടങ്കം പറഞ്ഞത്. സൗബിൻ മാപ്പ് പറയണമെന്ന് വരെ വീഡിയോയുടെ താഴെ അഭിപ്രായങ്ങൾ വന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വായിൽ നിന്നും ഇത്തരമൊരു പരാമർശമുണ്ടായിരുന്നത് ഏറെ വിവാദമായിരുന്നു.