‘സർക്കാരിന് പൈസക്ക് ബുദ്ധിമുട്ടുള്ളത് കൊണ്ടാണോ അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്..’ – പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാർ

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. പുരസ്കാരത്തിന് അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ല എന്നാണ് പറയുന്നതെന്നും സർക്കാരിന് പൈസക്ക് ബുദ്ധിമുട്ടുള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കി കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത് എന്നും സ്നേഹ ശ്രീകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സുസു, ചക്കപ്പഴം തുടങ്ങിയ കോമഡി പ്രോഗ്രാമുകളെല്ലാം ഒഴിവാക്കിയെന്നും ആരോപിച്ചു.

“സർക്കാരിന്റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയൽ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സുസു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിലാണ് എൻട്രി ചെയ്യുന്നത്. നല്ല സീരിയൽ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും.. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശയില്ല എന്ന കാരണവും.

സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ടുളളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കി കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്? നിലവിൽ ഉള്ള കാറ്റഗറിയിൽ അല്ലെ ഈ പ്രോഗ്രാമുകൾ അയക്കാൻ പറ്റുള്ളൂ?? അപ്പോ അവയെ പരിഗണിക്കണ്ടേ? മറിമായത്തിന് അവാർഡിന് അയച്ച എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്ന് നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതുമായിരുന്നു. ഇതിന് മുന്നേ പല വർഷങ്ങളിൽ മാറിമായത്തിന് അവാർഡ് കിട്ടിയിട്ടുമുണ്ട്. കിട്ടാത്തതിന്റെ വിഷമമായി കാണണ്ട.

മറിമായത്തിന് തന്നില്ലെങ്കിലും അർഹതയുള്ള മുകളിൽ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു. പിന്നെ പുറത്തുവന്ന റിസൾട്ടിൽ ഫിക്ഷൻ എന്ന വിഭാഗത്തിൽ റിയാലിറ്റി ഷോ ഫോർമാറ്റിലുള്ള പരിപാടിക്കാണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് വന്നത്. ഫിക്ഷനാവണമെന്ന നിർബന്ധം അപ്പോൾ ഈ ഫിക്ഷൻ വിഭാഗത്തിനില്ലേ? ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന പരിപാടികൾ വേറെ ഉള്ളപ്പോൾ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്? ഏതെങ്കിലും പ്രൈവറ്റ് അവാർഡായിരുന്നെങ്കിൽ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു.

ഇത് പക്ഷേ സർക്കാർ അവാർഡാണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്ന് അറിയാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്. പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോൾ അടുത്ത തവണ എൻട്രികൾ കുറയുമല്ലോ കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോൾ നല്ലൊരു വിഭാഗം ഇത്തവണ അവാർഡിന് അയച്ചില്ല. എൻട്രി വരുന്നതിൽ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലേ ജൂറി? എന്തായാലും മലയാളത്തിൽ നിലവാരമുള്ള ആക്ഷേപഹാസ്യ പരിപാടിയില്ല എന്നാണ് ജൂറി പറയുന്നത്. നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു ഇതിൽ കമന്റ്‌ ചെയ്യാം..”, സ്നേഹ ശ്രീകുമാർ കുറിച്ചു.