തൃശ്ശൂരിൽ നടന്ന ബിജെപിയുടെ മഹിളാ സംഗമം പരിപാടി ഉദ്‌ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടിയും നർത്തകിയുമായ ശോഭന. ശോഭന പരിപാടിയിൽ അതിഥിയായി പങ്കെടുത്തിരുന്നു. വനിതാ സംവരണ ബിൽ പാസ്സാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്തു ശോഭന. “ഇത്രയും മാത്രം സ്ത്രീകളെ ഞാൻ ഒരുമിച്ച് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അതിൽ ഒരുപാട് ത്രില്ലിലാണ് ഞാൻ. എല്ലാവർക്കും നമസ്കാരം..!
നമ്മുടെ പ്രധാനമന്ത്രിയെ ഒന്ന് കാണണം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനുമാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. കേരളത്തിലെ ഒരു സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി ഞാനും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീകൾക്ക് മുന്നേറ്റം നൽകുന്ന വനിത ബില്ല് പാസ്സാക്കാൻ മുൻകൈ എടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. അതിൽ അങ്ങേയറ്റം അഭിമാനത്തോടെ എന്നെ പോലെ ഓരോ സ്ത്രീകളും ഇതിനെ നോക്കി കാണുന്നു. പല മേഖലകളിലും ഇന്നും സ്ത്രീകൾ വളരെ കുറവാണെന്ന് നമ്മുക്ക് അറിയുന്ന ഒരു കാര്യമാണ്.
ഈ ബില്ല് പാസാക്കിയതോടെ ഒരുപാട് പേരുടെ സ്വപ്നം ഇനി നടക്കാൻ പോവുകയാണ്. പുതിയ ഭാരതിന് മുന്നേറ്റം നൽകാൻ പെൺകുട്ടികളുടെ വരും തലമുറയ്ക്ക് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് നമ്മൾ ഒരു ശകുന്തള ദേവിയെ കുറിച്ചും ഒരു കല്പന ചൗളയെ കുറിച്ചും ഒരു കിരൺ ബേദിയെ കുറിച്ചും കേട്ടിട്ടുള്ളൂ. ഈ ബില്ലോടുകൂടി ഇതുപോലെയുള്ള നിരവധി മഹത് വ്യക്തികളെ നമ്മുക്ക് കാണാൻ കഴിയും. സ്ത്രീകളെ ദേവതമാരെ പോലെ കാണുന്ന ഒരു സംസ്കാരമാണ് ഇന്ത്യയുടേത്. പല മേഖലയിലും അവർ അടിച്ചമർത്തപ്പെട്ടവരായി കരുതപ്പെടുന്നു.
കഴിവും ബുദ്ധിയുമുള്ള നമ്മുടെ യുവതികൾക്കുള്ള ആദ്യത്തെ ചുവടുവെപ്പാവട്ടെ വനിത സംവരണ ബില്ല് എന്ന് ഞാൻ ആശംസിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ വളരെ പ്രതീക്ഷയോടെയാണ് ഞാൻ കാണുന്നത്. ശ്രീ മോദിജിക്ക് ഒപ്പം വേദി പങ്കിടാൻ അവസരം തന്നതിന് ഞാൻ നന്ദി പറയുന്നു. ജയ് ഹിന്ദ്..”, ഇതായിരുന്നു ശോഭന നാരിശക്തി സദസ്സിൽ അതിഥികളിൽ ഒരാളായി എത്തിയപ്പോൾ പ്രസംഗിച്ചത്. സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിലും ശോഭന മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.