കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സർക്കാരിന്റെ കേരളീയം പരിപാടിക്ക് ഈ കേരള പിറവി ദിനമായ നവംബർ ഒന്നാം തീയതി ദിനത്തിൽ തുടക്കം ആയിരിക്കുകയാണ്. സെമിനാറുകളും എക്സിബിഷനുകളും ചലച്ചിത്രമേളയും ഫുഡ് ഫെസ്റ്റിവലും സാംസ്കാരിക മേളകളും നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കും.
ഉദ്‌ഘാടനത്തിന് മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ തമിഴിലെ സ്വന്തം ഉലകനായകൻ കമൽഹാസൻ, നടിയും നർത്തകിയുമായ ശോഭന എന്നിവർ പങ്കെടുത്തിരുന്നു. സർക്കാർ ഓണാഘോഷ പരിപാടികൾ നടത്തുന്നതിനേക്കാൾ ഗംഭീരമായും അത്യാഡംബരായിട്ടുമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ദിവസം തലസ്ഥാന നഗരി ഒരു അത്ഭുതകാഴ്ചയായി മാറും.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി ശോഭനയുടെ അതിമനോഹരമായ നൃത്തം ഉണ്ടായിരുന്നു. ‘സ്വാതി ഹൃദയം’ എന്ന നൃത്തചാരുതയിൽ കാണികളെ ഒന്നടങ്കം കൈയിലെടുത്താണ് ശോഭന വേദിയിൽ നിന്ന് കൈയടി വാങ്ങി മടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ശോഭന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. പരിപാടി നേരിട്ട് കണ്ടവർ പോസ്റ്റിന് താഴെ കമന്റുകളും ഇട്ടിട്ടുണ്ട്.
‘അത് ഒരു മോഹിപ്പിക്കുന്ന പ്രകടനമായിരുന്നു.. ഇതൊരു സ്വപ്നം പോലെയായിരുന്നു..’, ഒരു ആരാധിക പോസ്റ്റിന് താഴെ കമന്റ് ഇട്ടു. ഭാവങ്ങളെല്ലാം അതിഗംഭീരമായിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. ഉദ്‌ഘാടന വേദിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴും ശോഭനയുടെ ചിത്രങ്ങൾ വൈറലായിരുന്നു. വെള്ള സെറ്റ് സാരി ധരിച്ചാണ് ശോഭന ചടങ്ങിന് എത്തിയത്. നിറഞ്ഞ കൈയടികളായിരുന്നു അന്നും ശോഭനയ്ക്ക് ലഭിച്ചത്.