‘ഒട്ടും വൃത്തി ഇല്ലാത്ത കാരവാനാണ് തന്നത്, ചെവിയിൽ പാറ്റ കയറി ചോരവന്നു..’ – മറുപടിയുമായി ഷൈൻ നിഗം

സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷൈൻ നിഗത്തെയും സിനിമ സംഘടനങ്ങൾ ഈ കഴിഞ്ഞ ദിവസമാണ് വിലക്കിയത്. ഇരുവരും അഭിനയിക്കുന്ന സിനിമകളിൽ സഹകരിക്കില്ലെന്നാണ് സംഘടനകൾ വിശദീകരിച്ചത്. രണ്ടുപേരും സെറ്റിൽ മോശമായ രീതിയിലാണ് പെരുമാറുന്നത് എന്നായിരുന്നു ആരോപണം. ശ്രീനാഥ് ഭാസിക്ക് എതിരെയാണ് കൂടുതൽ ആരോപണങ്ങൾ ഉയർന്നത്. താരം ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

അതേസമയം ഷൈൻ നിഗം തന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവായ സോഫിയ പോളിന് എഴുതിയ കത്തിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ തന്റെ കഥാപാത്രമാണ് ലീഡ് എന്നായിരുന്നു ആദ്യം പറഞ്ഞതെന്നും ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത് അങ്ങനെയല്ലെന്നും അത് മാറ്റി തന്റെ പേരും ഫോട്ടോയുമൊക്കെ വേണം പോസ്റ്ററിലും ട്രൈലറിലും ഒക്കെ പ്രധാനമായും വരേണ്ടത് എന്നുമായിരുന്നു ആ കത്തിൽ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ സോഫിയയുടെ ആരോപണങ്ങൾക്ക് എതിരെ സിനിമ സംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരിക്കുകയാണ് ഷൈൻ നിഗം. മൂന്ന് അഭിനേതാക്കളാണ് ഇതിലുണ്ടായിരുന്നതെന്നും മുന്നിൽ ഒരാളാകാൻ തനിക്ക് താല്പര്യമില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്നും ഷൈൻ പറയുന്നു. തന്നെ കണ്ടാണ് സംവിധായകൻ തിരക്കഥ എഴുതിയിരിക്കുന്നതെന്നും താനാണ് ചിത്രത്തിലെ നായകനെന്നും പറഞ്ഞിരുന്നു. ഷൂട്ട് ചെയ്ത സമയത്ത് തനിക്ക് സംശയം തോന്നിയെന്നും അത് ചോദിച്ചപ്പോൾ സംവിധായകനാണ് ഇങ്ങോട്ട് എഡിറ്റ് കാണാമെന്ന് പറഞ്ഞതെന്നും ഷൈൻ പറയുന്നു.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഒരു ആർട്ടിസ്റ്റിന്റെ കൈയിൽ ആക്സിഡന്റ് സംഭവിച്ചു അങ്ങനെ അത് ക്യാൻസലായി. ആ രണ്ട് മാസം എനിക്ക് ഒന്നും വർക്ക് ചെയ്യാൻ സാധിച്ചില്ല. ബാദുഷ നിർമ്മിച്ച് നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഞാൻ തീയതി കൊടുത്തു. പിന്നീട് സംവിധായകൻ നവാസ് തന്നോട് ആക്സിഡന്റ് പറ്റിയ ആൾ ഒക്കെ ആയെന്നും പ്രിയൻ സാറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഇതിൽ ജോയിൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും പ്രൊഡ്യൂസർ ഒരുപാട് ക്യാഷ് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ നാദിർഷായുടെ സിനിമ മാറ്റി വച്ച് ഇതിന് ഡേറ്റ് കൊടുത്തു.

ഒരു ദിവസം ഷൂട്ടിംഗ് സമയത്ത് കാരവാനിൽ ഇരിക്കുമ്പോൾ ഒരു പാറ്റ എന്റെ ചെവിയിൽ കയറി. അത് ഉള്ളിലേക്ക് കയറി പോയതുകൊണ്ട് ബ്ലീഡിങ്ങും വേദനയും ഉണ്ടായി. ദൈവാധീനം കൊണ്ട് ഇയര്‍ഡ്രമ്മിന് ഒന്നും പറ്റിയില്ല. റസ്റ്റ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും താൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ആണ് പോയത്. ഒട്ടും തന്നെ വൃത്തിയില്ലാത്ത ഒരു കാരവാൻ ആണ് എനിക്ക് തന്നത്. പിന്നീട് ഒരിക്കൽ പ്രിയൻ സാറിന്റെ സിനിമയുടെ പ്രൊമോഷന് പങ്കെടുത്ത് ഒരുപാട് തളർന്ന് തലവേദന ആയി. അന്നും ഡോക്ടർ പറഞ്ഞത് ബോഡി ഒരുപാട് വീക്കാണ് റസ്റ്റ് എടുക്കണം എന്നായിരുന്നു.

ഒരു ദിവസം മൈഗ്രൈൻ ആയതുകൊണ്ട് വരാൻ അല്പം ലേറ്റ് ആകുമെന്ന് പറഞ്ഞപ്പോൾ ഷൈൻ വരാതെ ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ മെഡിസിൻ എടുത്ത് വേഗം പോയി. അന്ന് പ്രൊഡ്യൂസറുടെ ഭർത്താവ് പോൾ സർ എന്റെ അമ്മയെ വിളിച്ച് മോശമായി രീതിയിൽ സംസാരിച്ചു. ലൊക്കേഷനിൽ എത്തിയപ്പോൾ മൈഗ്രൈൻ ഉള്ളത് നുണയാണെന്ന് പറഞ്ഞപ്പോൾ അമ്മയും ഞാനും തിരിച്ച് പ്രതികരിച്ചു. അതിൽ ഖേദം പ്രകടിപ്പിക്കുന്നു.. ഷൈൻ മറുപടി കത്തിൽ പറഞ്ഞു. മാധ്യമങ്ങളിൽ തനിക്ക് എതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ താൻ ഒരുപാട് മാനസിക വിഷമം അനുഭവിക്കുന്നു എന്നും ഷൈൻ കത്തിൽ എഴുതിയിട്ടുണ്ട്.