‘വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി, സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

കൊല്ലം പരവൂരിൽ എഴുപത്തിയഞ്ച് വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളം സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനിയും സീരിയൽ നടിയുമായ നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശിയുമായ ബിനുവുമാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന വയോധികനിൽ നിന്നുമാണ് പണം തട്ടിയത്.

മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനും കൂടിയാണ് ഇദ്ദേഹം. മെയ് 24-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വാടകയ്ക്ക് വീട് കൊടുക്കാനുണ്ടെന്ന് അറിഞ്ഞ നിത്യ വയോധികനുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും വീട് കാണാൻ വേണ്ടി എത്തുകയും ചെയ്തു. സ്ഥലത്തിയ ശേഷം വീടിനുള്ളിൽ വച്ച് വയോധികനെ ഭീക്ഷണിപ്പെടുത്തി.

വിവസ്ത്രനാകാൻ ആവശ്യപ്പെടുകയും നിത്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. നിത്യയ്ക്ക് ഒപ്പം എത്തിയ സുഹൃത്ത് ബിനുവാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് വയോധികനെ ഭീഷണിപ്പെടുത്തുകയും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഭീഷണി നിരന്തരമായി തുടർന്നതോടെ 11 ലക്ഷം രൂപ നൽകുകയും ചെയ്തു.

വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞ മാസം പതിനെട്ടിന് പരവൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ഇതിന് മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ പുതിയതായി ആരംഭിച്ച പത്തരമാറ്റ് സീരിയലിൽ നിത്യ ഇപ്പോൾ ഒരു പ്രധാന വേഷം ചെയ്തുവരികയായിരുന്നു.