‘മകനൊപ്പം തിരുപ്പതിയിൽ ദർശനം നടത്തി രമ്യ കൃഷ്ണൻ, ശിവഗാമി ദേവിയെ പോലെയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ നടി രമ്യ കൃഷ്ണൻ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. മകനൊപ്പം തിരുപ്പതിയിൽ ദർശനം നടത്താൻ എത്തിയ രമ്യ കൃഷ്ണന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ജൂലൈ 26-നാണ് രമ്യയും മകൻ ഋതിക് വംശിയും തിരുപ്പതി അമ്പലത്തിൽ എത്തിയത്. ദർശനത്തിന് ശേഷം രമ്യ തന്റെ സുഹൃത്തും നടിയും എംഎൽഎയുമായ റോജയുടെ വീട്ടിൽ സന്ദർശിക്കുകയും ചെയ്തു.

തിരുപ്പതിയിൽ എത്തിയ വീഡിയോയുടെ താഴെ രമ്യയെ ബാഹുബലിയിൽ താരം അവതരിപ്പിച്ച ശിവഗാമി ദേവിയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ കമന്റുകൾ ഇട്ടത്. അൻപത്തിരണ്ടുകാരിയായ രമ്യ കൂടുതൽ ചെറുപ്പമായി വരികയാണല്ലോ എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് രമ്യ. രമ്യ അഭിനയിച്ച സിനിമകൾ റിലീസിനായി കാത്തിരിക്കുന്നുമുണ്ട്.

രജനികാന്തിന്റെ ജയിലറിൽ രമ്യയും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ രമ്യ അഭിനയിച്ചിട്ട് നാല് വർഷങ്ങളായി. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 എന്ന സിനിമയിലാണ് രമ്യ അവസാനമായി അഭിനയിച്ചത്. മോഹൻലാലിന് ഒപ്പമുള്ള ആര്യൻ, ഓർക്കാപ്പുറത്ത്, ഒന്നാമൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി രമ്യ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.

1986-ൽ പുറത്തിറങ്ങിയ ‘നേരം പുലരുമ്പോൾ’ എന്ന മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് രമ്യ കൃഷ്ണൻ. മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും റിലീസ് ചെയ്തത് തമിഴ് ചിത്രമാണ്. പതിമൂന്നാം വയസ്സിൽ സിനിമയിൽ എത്തിയ രമ്യാകൃഷ്ണൻ തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറി. എല്ലാ ഭാഷകളിലും ഒരേപോലെ തിളങ്ങി സജീവമായി നിൽക്കാൻ രമ്യയ്ക്ക് സാധിച്ചു.