‘ബിഗ് ബോസിലെ എന്റെ പ്രകടനം കണ്ട് അദ്ദേഹം എനിക്ക് വോട്ട് ചെയ്തു..’ – ഷാജി കൈലാസിനെ നേരിൽ കണ്ട് അഖിൽ മാരാർ

മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ വിജയിയായ അഖിൽ മാരാർ മലയാള സിനിമയിലെ മാസ്സ് സംവിധായകനായ ഷാജി കൈലാസിനെ നേരിൽ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ചു. ബിഗ് ബോസ് കാണാതിരുന്ന അദ്ദേഹം തന്റെ പ്രകടനം കണ്ട് ഷോയുടെ പ്രേക്ഷകനായെന്നും തനിക്ക് വോട്ട് ചെയ്തുവെന്നും അഖിൽ മാരാർ കുറിപ്പിൽ പങ്കുവച്ചു. അഖിൽ മാരാരുടെ പോസ്റ്റ് വായിക്കാം :-

“മലയാള സിനിമ സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരുകാലത്ത് കാണാൻ ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ‘ഓഗസ്റ്റ് 15’ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ അതിന്റെ ചീഫ് അസ്സോസിയേറ്റിനെ സോപ്പിട്ട് സംവിധാന സഹായിയാവാൻ ശ്രമം നടത്തി. ഒഫീഷ്യലായി നിർത്തിയില്ലെങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാനങ്ങ് കൂടി. പകർത്തി എഴുത്ത് ഒക്കെ ഞാൻ ചെയ്തുകൊടുത്തു.

അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു. ഷാജി സാറിനെ നേരിൽപോയി കാണാനുള്ള ധൈര്യം ഒന്നും അന്ന് എനിക്കില്ലായിരുന്നു. ഏകലവ്യനെ പോലെ ഒളിച്ച് നിന്ന് സാറിന്റെ ശിഷ്യനായി. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എന്റെ ചില രംഗങ്ങൾ കണ്ടശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി. എനിക്ക് അഞ്ച് വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞ് ചെയ്യിക്കുകയും ചെയ്തു സാർ.

അത് കേട്ടപ്പോൾ സത്യത്തിൽ എനിക്ക് അത്ഭുതവും ആശ്ചര്യവും തോന്നി. കപ്പടിച്ച് ഞാൻ ഇറങ്ങിയപ്പോൾ, സാർ എന്നെ വിളിച്ചു. സന്തോഷം പങ്കുവെച്ചു. ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം. ഏറെ അഭിമാനം ഈ നിമിഷം..”, അഖിൽ മാരാർ ഷാജി കൈലാസിന് ഒപ്പം നിൽക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. ബിഗ് ബോസിലെ സുഹൃത്തായ ഷിജു ഉൾപ്പടെയുള്ളവർ അഖിലിനെ പിന്തുണച്ച് കമന്റുകളും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്.