‘കോടിക്കണക്കിന് മലയാളികൾ നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു..’ – ജൂറിയെ വിമർശിച്ച് നടൻ ശരത് ദാസ്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. പല അവാർഡുകളും അർഹരായവർക്കല്ല നൽകിയതെന്നാണ് വിമർശനം ഉയരുന്നത്. ബിന്ദു പണിക്കർക്ക് അവാർഡ് നൽകാത്തതിന് ആയിരുന്നു ആദ്യമായി വിമർശനം ഉയർന്നത്. മമ്മൂട്ടി നായകനായ റോഷാക്കിലെ പ്രകടനത്തിന് ബിന്ദു സഹനടിക്കുള്ള അവാർഡിന് അർഹയായിരുന്നു എന്നായിരുന്നു ആദ്യം വന്നത്.

ബിന്ദു പണിക്കരുടെ കരിയറിലെ തന്നെ മികച്ച പ്രകടനമായിരുന്നു അത്. ഈ ആവശ്യം ഉന്നയിച്ചത് സാധാരണക്കാരായ പ്രേക്ഷകർ ആയിരുന്നു. ഇതിന് പിന്നാലെ വന്ന മറ്റൊരു വിമർശനം ബാലതാരത്തിനുള്ള അവാർഡ് ദേവാനന്ദയ്ക്ക് നൽകാത്തതിന് ആയിരുന്നു. തൻമയ എന്ന കുട്ടിക്ക് ആയിരുന്നു നൽകിയിരുന്നത്. തന്മയയ്ക്ക് ഒപ്പമോ അതിൽ മുകളിൽ നിൽക്കുന്ന പ്രകടനമായിരുന്നു ദേവാനന്ദയുടേത് എന്നായിരുന്നു പ്രതികരണം.

മാളികപ്പുറം എന്ന സിനിമയിലെ കല്യാണി എന്ന കൊച്ചുമിടുക്കിയായി മികച്ച പ്രകടനം കാഴ്ചവച്ച് തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. ദേവാനന്ദയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അവാർഡ് നിർണയത്തിൽ രാഷ്ട്രീയം കലർത്തി എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് പലരും ചൂണ്ടിക്കാണിച്ചത്. ഇപ്പോഴിതാ ദേവാനന്ദയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ശരത് ദാസ്.

എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.. തന്മയ മോൾക്കും.. എന്തായാലും കോടി ക്കണക്കിന് മലയാളികളുടെയും എന്റെയും മനസ്സുകൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നുകഴിഞ്ഞു മോളെ..”, എന്ന ക്യാപ്ഷനോടെ ദേവാനന്ദയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ശരത് ദാസ് കുറിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച ബാലതാരമായി ദേവാനന്ദയെ ആയിരുന്നു തിരഞ്ഞെടുത്തത്.