‘തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നിൽക്കുന്നത് ഈ രാജാവംശത്തിന്റെ ഔദാര്യം കൊണ്ട്..’ – സന്തോഷ് പണ്ഡിറ്റ്

പത്മശ്രീ ലഭിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് ആശംസകൾ നേർന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് ഈ കാര്യം അറിയിച്ചത്. ഗൗരി ലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ചതിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വന്നപ്പോഴാണ് സന്തോഷ് പണ്ഡിറ്റ് അവരെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുളളത്. ഇതിന് താഴെയും സന്തോഷിനെ വിമർശിച്ച് നിരവധി കമന്റുകൾ വരികയുണ്ടായി.

“തിരുവിതാംകൂർ ഇളയ റാണി, ഹെർ ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു.. സാഹത്യ ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവർക്ക് പത്മശ്രീ നൽകിയിട്ടുള്ളത്.. ദ ഡോൺ, ശ്രീ പത്മനാഭസ്വാമി ടെമ്പിൾ, തുളസി ഗാർലൻഡ്, ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് എന്നിവ പ്രധാന കൃതികൾ മാത്രം.. ഓളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ സംഭാവനകളായിട്ടുണ്ട്.

പിപി രാമവർമ്മരാജയുടെ ശ്രീ ശബരിമല അയ്യപ്പചരിതം എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. അവരുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ ലോക പുസ്തക വിപണിയിൽ കിട്ടും, തമ്പുരാട്ടി എഴുത്തുകാരി മാത്രമല്ല, പൊതുസമൂഹത്തിൽ അറിയപ്പെടുന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തക കൂടിയാണ്. ‘പോയട്രി ക്വാർട്ടർലി’ എന്ന ആനുകാലികത്തിൽ ഇവർ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പനിയാണു് ‘ദ് ഡോൺ’ എന്ന കൃതി പ്രസിദ്ധീകരിച്ചത്..

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്ര സംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമി ശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവത സങ്കല്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. കന്യാകുമാരി മുതൽ അരൂർ വരെയുള്ള 33 പ്രമുഖ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചതുളസി ‘ഗാർലൻഡ്’.

പുരാണ കഥകളുടേയും ചരിത്ര ഗവേഷണത്തിന്റേയും വാസ്തു വിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയിൽ കാണാം. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശക്തിയുടേയും മഹത്വം ഇതിൽ വെളിവാകുന്നുണ്ട്. ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് ‘ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയൻസ്’. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ.. തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നെങ്കിൽ അത് ആ രാജാവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ്..”, സന്തോഷ് പണ്ഡിറ്റ് കുറിച്ചു.