‘സെൽഫി എടുക്കാൻ വന്ന ആരാധകനുമായി അകന്നുനിന്ന സംഭവം! ക്ഷമ ചോദിച്ച് നടി സാനിയ..’ – സംഭവം ഇങ്ങനെ

മലയാള സിനിമയിൽ യുവതാരനിരയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. സിനിമ അഭിനയത്തോടൊപ്പം തന്നെ സാനിയ പുതിയ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനങ്ങൾ നടത്തിയും വളരെ അധികം സജീവമായി നിൽക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മലപ്പുറത്തെ മഞ്ചേരിയിൽ എത്തിയപ്പോഴുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. വലിയ വിമർശനമാണ് സാനിയയ്ക്ക് ഇതിന് ശേഷം ലഭിച്ചത്.

സാനിയയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകൻ അടുത്ത് എത്തിയപ്പോൾ സാനിയ അദ്ദേഹത്തെ ഇഷ്ടപ്പെടാത്ത രീതിയിൽ നോക്കുകയും ശേഷം അകന്ന് നിൽക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായത്. സാനിയയ്ക്ക് ഇതിന്റെ പേരിൽ വലിയ വിമർശനമാണ് കേട്ടത്. ആരാധകർ ഉണ്ടെങ്കിലെ താരങ്ങളുണ്ടാവൂ, ജാഡ അൽപ്പം കുറയ്‌ക്കൂ എന്നിങ്ങനെ പോകുന്നു സാനിയയ്ക്ക് ലഭിച്ച വിമർശനം. ഇപ്പോൾ ഇതിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് സാനിയ.

“ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യതിയാണ്‌ ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ്, എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവമുണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതെ ഇരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എല്ലാം ഞാൻ ഉള്ളിൽ ഒതുക്കിയെങ്കിലും ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു. എന്നതിനാൽ ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസ്സിലാകുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാകാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ
ചെയ്തെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി..”, സാനിയ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ കുറിച്ചു.