December 11, 2023

‘തരാനുള്ള ബാലൻസ് പൈസ വേണ്ടെന്ന് സംയുക്ത പറഞ്ഞു, ആ കുട്ടിയുടെ വലിയ മനസ്സ്..’ – വെളിപ്പെടുത്തി സാന്ദ്ര തോമസ്

സിനിമയിൽ ഏറെ തിരക്കുള്ള ഒരു അഭിനയത്രിയായി മാറി കൊണ്ടിരിക്കുന്ന താരമാണ് നടി സംയുക്ത മേനോൻ. മലയാളത്തിന് പുറമേ അന്യഭാഷയിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സംയുക്തയുടെ ഈ അടുത്തിടെ ബൂമറാങ് എന്ന സിനിമ റിലീസ് ചെയ്തിരുന്നു. സിനിമയുടെ പ്രൊമോഷനിൽ സംയുക്ത പങ്കെടുക്കാതിരുന്നതിനെ പറ്റി അതിൽ അഭിനയിച്ച ഷൈൻ ടോം വലിയ രീതിയിൽ വിമർശിച്ചിരുന്നു. സംയുക്ത തന്റെ പേരിനൊപ്പമുള്ള ജാതി വാല് മാറ്റിയതും ഈ അടുത്തിടെ ആയിരുന്നു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ റിപ്പോർട്ടർ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഷൈനിന്റെ മറുപടി. പേര് മാറ്റിയിട്ട് കാര്യമില്ല, ആദ്യം മനുഷ്യനാകണം ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂര്ണമാക്കേണ്ട ഉത്തരവാദിത്വം നമ്മുക്കുണ്ടെന്നും ഷൈൻ പറഞ്ഞിരുന്നു. സിനിമയുടെ നിർമ്മാതാവും സംയുക്തയ്ക്ക് എതിരെ സംസാരിച്ചിരുന്നു. ചെറിയ സിനിമയുടെ പരിപാടിക്ക് വരാൻ താല്പര്യമില്ലായിരുന്നു സംയുക്തയുടെ മറുപടി എന്നായിരുന്നു നിർമ്മാതാവ് ആരോപിച്ചത്. സംഭവം വലിയ രീതിയിൽ സംയുക്തയ്ക്ക് എതിരെ തിരിഞ്ഞു.

സംയുക്തയുടെ അക്കൗണ്ടുകളിൽ മോശം കമന്റുകൾ ധാരാളമായി വരികയും നിവർത്തിയില്ലാതെ കമന്റ് ബോക്സ് ഓഫ് ആക്കി വെക്കുകയും ചെയ്തു. അതെ സമയം നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് സംയുക്തയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. സംയുക്തയും ടോവിനോയും അഭിനയിച്ച ഇടക്കാട് ബറ്റാലിയന്റെ നിർമ്മാതാവ് ആയിരുന്നു സാന്ദ്ര തോമസ്. ആ സമയത്ത് സംയുക്ത ചെയ്തയൊരു നല്ല പ്രവർത്തിയെ ഓർത്തുകൊണ്ടായിരുന്നു സാന്ദ്ര തന്റെ അനുഭവം പങ്കുവച്ചത്. 12 വർഷത്തെ സിനിമ ജീവിതത്തിൽ താൻ എന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ആണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സാന്ദ്ര പോസ്റ്റ് ആരംഭിച്ചത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് നായികയായി തീരുമാനിച്ച സംയുക്തയെ ആദ്യമായി കാണുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞപ്പോൾ സംയുക്ത തന്നെ ഫോൺ വിളിച്ചിട്ട് കല്യാണത്തിന്റെ സീനിലേക്ക് തനിക്കൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ വച്ച് തരുമോ എന്ന് ചോദിച്ചു. സിനിമയുടെ നല്ലതിനായതുകൊണ്ട് താൻ റെഡിയാക്കി കൊടുത്തുവെന്നും സംയുക്ത തന്റെ ഗ്രേറ്റിട്യൂട് ബുക്കിൽ ചേച്ചിക്കാണ് നന്ദി എഴുതിയിരിക്കുന്നതെന്ന് പറഞ്ഞെന്നും സാന്ദ്ര കുറിച്ചു.

നിർമ്മാതാവ് എന്ന നിലയിൽ തനിക്ക് ആദ്യമായി കിട്ടിയ അനുഭവമാണെന്നും അന്നേ ദിവസം താനും ആ കുട്ടിയെ നന്ദിയോട് ഓർത്തുവെന്നും സാന്ദ്ര എഴുതി. മാസങ്ങൾക്ക് ശേഷം സിനിമയുടെ റിലീസിനോട് അടുത്ത് സംയുക്തയ്ക്ക് 65% ശമ്പളം മാത്രമേ നല്കിയിരുന്നൊള്ളുവെന്നും താൻ സംയുക്തയെ വിളിച്ച് കുറച്ച് സമയം ആവശ്യപ്പെട്ടെന്നും താരം യാതൊരു മടിയും കൂടാതെ അതിന് എന്താ ചേച്ചി നമ്മുടെ സിനിമയല്ല കുഴപ്പമില്ല എന്ന് പറഞ്ഞെന്നും സാന്ദ്ര എഴുതി.

സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത തനിക്കൊരു മെസ്സേജ് അയച്ചു. നമ്മുടെ സിനിമ വിജയിച്ചില്ലെന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ട് താരനുള്ള ബാലൻസ് പൈസ വേണ്ടെന്നും സംയുക്ത പറഞ്ഞെന്ന് സാന്ദ്ര കുറിച്ചിട്ടുണ്ട്. ചേച്ചി എത്ര നിർബന്ധിച്ചാലും ആ പൈസ വാങ്ങില്ലെന്നും അടുത്ത ഒരു അടിപൊളി പടം ചെയ്യാമെന്നും സംയുകത പറഞ്ഞെന്നും സാന്ദ്ര പോസ്റ്റിൽ എഴുതി. ആ കുട്ടിയുടെ വലിയ മനസ്സിന് മുന്നിൽ തനിക്ക് തലകുനിക്കേണ്ടി വന്നെന്നും സാന്ദ്ര കുറിച്ചു.

മുഴുവൻ ശമ്പളം കൊടുത്താൽ പോലും ഡബ് ചെയ്യാതെയും പ്രൊമോഷന് പങ്കെടുക്കാതിരിക്കുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സാന്ദ്ര പോസ്റ്റ് അവസാനിപ്പിച്ചത്. ഇതൊക്കെ ഇപ്പോൾ പറയണമെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണെന്നും അവസാനം സാന്ദ്ര കുറിച്ചിട്ടുണ്ട്. എന്നാൽ സാന്ദ്രയുടെ പോസ്റ്റിന് താഴെ ഇതൊക്കെ സംയുകതയുടെ തുടക്ക കാലഘട്ടമല്ലേ ഇപ്പോഴുള്ള അവസ്ഥ മറ്റൊരു നിർമ്മാതാവ് പറഞ്ഞതല്ലേ എന്നും ചോദിക്കുന്നുണ്ട്.