സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ രംഗങ്ങളിലൂടെയാണ് സനലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മഫ്തിയിൽ എത്തിയ ഒരു സംഘം പൊലീസായിരുന്നു. യൂണിഫോം ഇല്ലാത്തതുകൊണ്ട് സനൽ അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല.
തുടർന്ന സനൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വരികയും തന്നെ ഒരു സംഘം ആളുകൾ തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയാണെന്നും പറയുകയും ചെയ്തു. ഏകദേശം ഇരുപത്ത് മിനിറ്റോളം സനൽ ഫേസ്ബുക്കിൽ ലൈവ് പോയി. തന്റെ ജീവൻ ഭീക്ഷണി ഉണ്ടെന്നും പൊലീസ് എന്ന വ്യാജേനെ തന്നെ ബലമായി പിടിച്ചുകൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമമാണെന്നും സനൽ പറയുന്നുണ്ട്.
സനലും സഹോദരിയും കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇന്നോവയിൽ എത്തിയ മഫ്തി പൊലീസ് കാർ തടഞ്ഞ് തങ്ങൾക്ക് ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടത്. സനലും സഹോദരിയും തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് നാടകീയമായ ഈ സംഭവങ്ങളുണ്ടായത്. സനൽ കാറിലിരുന്ന് ബഹളം വച്ച് ലൈവ് വിടുന്നത് കണ്ടിട്ട് ജനങ്ങൾ കൂടുകയും ചെയ്തിരുന്നു.
തന്റെ ജീവന് ഭീക്ഷണി ഉള്ളതുകൊണ്ടും കേരളത്തിൽ ജീവിക്കാൻ പേടിയുള്ളതു കൊണ്ടും തമിഴ് നാട്ടിൽ സഹോദരിയുടെ വീട്ടിലാണ് ഒളിച്ചു താമസിച്ചതെന്നുമെല്ലാം ലൈവിൽ സനൽ പറയുന്നുണ്ട്. തനിക്ക് മരിക്കാൻ യാതൊരു പേടിയില്ലെന്നും പക്ഷെ കള്ളക്കേസ് കൊടുത്ത് തന്നെ ഉപദ്രവിക്കുകയാണെന്നും സനൽ പറയുന്നുണ്ട്. സനൽ ലൈവ് പോകുന്ന സമയത്ത് ചിലർ ഹഹ ഇമോജി ഇടുന്നതിനെ എതിരെയും പ്രതികരിച്ചിട്ടുണ്ട്.