‘വിനായകൻ കലാകാരൻ! പൊലീസ് സ്റ്റേഷനിൽ നടന്നത് കലാപ്രവർത്തനമായി കണ്ടാൽ മതി..’ – മന്ത്രി സജി ചെറിയാൻ

പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചതിന്റെ പേരിൽ ഈ കഴിഞ്ഞ ദിവസം നടൻ വിനായകനെതിരെ കേസ് എടുത്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിനായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വിനായകൻ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് വലിയ വകുപ്പുകൾ പൊലീസ് ഇട്ടിരുന്നില്ലെന്ന് ഒരു ആക്ഷേപം ഉയർന്നിരുന്നു.

കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് ഇത്തരമൊരു ആക്ഷേപം കൂടുതലായി വന്നത്. എന്നാൽ ഇടതുപക്ഷ അനുഭാവികൾ വിനായകനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ വിനായകന്റെ നടപടിയെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. “അദ്ദേഹം ഒരു കലാകാരനല്ലേ.. അതൊരു കലാപ്രവർത്തനമായി കണ്ടാൽ മതി. പ്രതേകിച്ച് അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ.

കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയി എന്നേയുള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല..”, സജി ചെറിയാൻ പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. സിനിമയെ തകർക്കാൻ വേണ്ടി റിവ്യൂ നൽകുന്നതിന് എതിരെയും അദ്ദേഹം സംസാരിച്ചു. അതിന്റെ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്.

സാമ്പത്തികമായ താല്പര്യങ്ങളുണ്ടെങ്കിൽ അതിൽ കോടതി നിർദേശിക്കുന്ന പ്രകാരമുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം ആണെന്നും അദ്ദേഹം കൂട്ടിചേർത്തു. നേരത്തെ തിയേറ്റർ പരിസരത്ത് റിവ്യൂ എടുക്കുന്നത് വിലക്കുമെന്ന് നിർമാതാക്കളുടെ സംഘടനയും പറഞ്ഞിരുന്നു. ഇത് സിനിമയെ വലിയ രീതിയിൽ ബാധിക്കുമെന്ന് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്.