‘കമലിന്റെ വിക്രം വീണു! കേരളത്തിൽ ഇനി ഒന്നാമൻ ‘രജനി’യുടെ ജയിലർ..’ – കേരള കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഒടുവിൽ അത് സംഭവിച്ചിരിക്കുന്നത്! രജനികാന്ത് കേരള ബോക്സ് ഓഫീസിൽ ആ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമ ഇനി മുതൽ ജയിലറിന്റെ പേരിൽ. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ എന്ന സിനിമയായിരുന്നു കേരള ബോക്സ് ഓഫീസിലെ ആ റെക്കോർഡ് കഴിഞ്ഞ വർഷം തങ്ങളുടെ പേരിലാക്കി വച്ചിരുന്നത്.

ഒരു വർഷം മാത്രമായിരുന്നു അതിന് ആയുസ്സ് ഉണ്ടായത്. രജനിയും അതിഥി വേഷത്തിൽ മോഹൻലാലും കൂടി എത്തിയപ്പോൾ ആ റെക്കോർഡ് ജയിലർ എടുത്തിരിക്കുകയാണ്. പൊതുവേ കേരളത്തിൽ രജനിയ്ക്ക് ആരാധകർ കുറവായ ഒരാളായിരുന്നു. കബാലിയായിരുന്നു ഇതിന് മുമ്പ് കേരളത്തിൽ രജനിയുടെ പേര് കണ്ട് തിയേറ്ററുകളിൽ ആളെത്തിയത്. 2.0 ആണ് രജനി സിനിമകളിൽ കളക്ഷനിൽ കേരളത്തിൽ മുന്നിലുള്ളത്.

ഈ തവണ കേരളത്തിൽ ബോക്സ് ഓഫീസുകളിൽ റെക്കോർഡുകൾ തന്റെ പേരിൽ കൈയടിവച്ചിരിക്കുന്ന മോഹൻലാൽ കൂടി അതിഥി വേഷത്തിൽ എത്തിയപ്പോൾ വിക്രം 50 ദിവസം കൊണ്ട് നേടിയെടുത്ത കളക്ഷൻ സ്റ്റൈൽ മന്നൻ വെറും 9 ദിവസം കൊണ്ട് തന്റെ സിനിമയിലൂടെ കടത്തിവെട്ടിയിരിക്കുകയാണ്. 40.6 കോടിയാണ് കേരളത്തിൽ നിന്ന് ജയിലർ ഇതുവരെ വാരികൂട്ടിയത്. വിക്രം കേരളത്തിൽ മൊത്തത്തിൽ നേടാനായത് 40.5 കോടിയാണ്.

ജയിലർ ഈ ശനിയും ഞായറും കൂടി കഴിയും 50 കോടിക്ക് അടുത്തെത്തും എന്നാണ് ട്രക്കേഴ്സ് പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്തതിന് ശേഷം ഈ കഴിഞ്ഞ 9 ദിവസങ്ങളിൽ കുറഞ്ഞത് 2 കോടി വച്ച് എല്ലാ ദിവസം സിനിമ കേരളത്തിൽ നിന്ന് നേടിയിട്ടുണ്ട്. വേൾഡ് വൈഡ് ജയിലറിന്റെ കളക്ഷൻ വരും ദിവസങ്ങളിൽ 500 കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിച്ചേഴ്സ് തന്നെ പുറത്തുവിട്ട കണക്കിൽ തന്നെ 375 കോടി പിന്നിട്ടിരുന്നു. ട്രക്കേഴ്സ് ആ ദിവസം പുറത്തുവിട്ട കണക്ക് 450 കോടിയിൽ അധികമായിരുന്നു.