ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയുടെ അഞ്ചാം സീസണിൽ വിജയിയായി മാറി ജനങ്ങൾക്ക് പ്രിയങ്കരനായി മാറിയ ഒരാളാണ് അഖിൽ മാരാർ. സംവിധായകനായ അഖിൽ മാരാർ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുമ്പോൾ ഏറെ പ്രതീക്ഷകൾ തന്നെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ആദ്യ രണ്ട് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ വിജയി ആരായിരിക്കുമെന്ന് പ്രേക്ഷകർ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
നൂറാം നാളിൽ അഖിൽ തന്നെ വിജയിയായി മോഹൻലാൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ അഖിലിന് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. വിവാഹിതനായ അഖിലിന് രണ്ട് പെൺകുട്ടികളുമുണ്ട്. ഇപ്പോഴിതാ അഖിൽ മാരാർ തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. ബിഗ് ബോസ് കഴിഞ്ഞുള്ള ആദ്യ ജന്മദിനമാണ്. 1988 സെപ്തംബർ ഏഴിനാണ് അഖിൽ മാരാർ ജനിച്ചത്.
അഖിലിന്റെ ഭാര്യ രാജലക്ഷ്മി ഇൻസ്റ്റാഗ്രാമിലൂടെ ഭർത്താവിന് ആശംസകൾ നേർന്നിരുന്നു. “ഇന്നലത്തേക്കാൾ പ്രായമായതും എന്നാൽ നാളെയേക്കാൾ ചെറുപ്പവുമാണ്. എന്റെ സിംഹത്തിന് ജന്മദിനാശംസകൾ..”, അഖിലിന്റെ ബിഗ് ബോസ് ട്രോഫിയോട് സമാനമായ ഒരു കേക്ക് ഒരുക്കിയാണ് രാജലക്ഷ്മി അഖിലിന് ആശംസകൾ നേർന്നത്. അതിൽ ബിഗ് ബോസിൽ മോഹൻലാൽ ട്രോഫി കൊടുക്കുന്ന ഫോട്ടോയും ചേർത്തിട്ടുണ്ട്.
ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകൻ കൂടിയായ അഖിലിന്റെ ആദ്യ സിനിമ പക്ഷേ തിയേറ്ററുകളിൽ അത്ര വിജയമായിരുന്നില്ല. പക്ഷേ അതുകൊണ്ട് തളരാതെ മുന്നോട്ട് പോയ അഖിൽ ബിഗ് ബോസിൽ എത്തി ജനങ്ങളുടെ മനസിലേക്ക് കയറി. അതിന് മുമ്പ് ചാനൽ ചർച്ചകളിലൊക്കെ അഖിലിന്റെ തീപ്പൊരി പ്രകടനം പ്രേക്ഷകർ കണ്ടിട്ടുണ്ട്. അങ്ങനെയും ഒരുപാട് പേരുടെ മനസ്സിൽ കയറികൂടിയിട്ടുണ്ട്.