സനാതന ധർമ്മത്തെ കുറിച്ചുള്ള തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമായി കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉദയനിധി പല ഭാഗത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ഡെങ്കി, മലേറിയ, കൊറോണ ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവയെ ഇല്ലാതാക്കണം.. അതുപോലെയാണ് സനാതന ധർമ്മം എന്നുമാണ് ഉദയനിധി പറഞ്ഞത്.
ഇപ്പോഴിതാ സനാതന ധർമ്മത്തെ പ്രകീർത്തിച്ച് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്‌ബു സുന്ദർ രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഖുശ്‌ബുവിന്റെ പ്രതികരണം. “ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം. എല്ലാവരെയും ഒന്നായി വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, സ്വീകരിക്കുക.
ഡികെ നേതാവ് കെ വീരമണി സനാതന ധർമ്മത്തിന്റെ സത്യം അംഗീകരിക്കുന്നു. ഡിഎംകെ എന്തുകൊണ്ട് നിഷേധിക്കുന്നു? അവരുടെ പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള ഒരു മുടന്തൻ മാർഗം മാത്രം. സനാതന ധർമ്മത്തെ ഡിഎംകെ ഡെങ്കി, മലേറിയ, കൊറോണ എന്നിവയോട് ഉപമിക്കുന്ന തമിഴ്‌നാട്ടിലാണ് ക്ഷേത്രം പണിതത്. അവർ സ്നാതന ധർമ്മം ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.
തമിഴ്നാട്ടിലെ ജനങ്ങളോട് അവരുടെ വിശ്വാസങ്ങളും ശക്തിയുടെ ഉറവിടവും ഉപേക്ഷിക്കാൻ പറയുന്നു. സനാതന ധർമ്മം ഒരു ജീവിതരീതിയാണ്. സനാതനധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ വോട്ട് ആവശ്യമില്ലെന്ന് പറയാൻ ധൈര്യമുണ്ടോ? ഡിഎംകെയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുന്നു..”, ഇതായിരുന്നു ഖുശ്‌ബുവിന്റെ പ്രതികരണം. ഖുശ്‌ബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി മറുപടികളും വന്നിട്ടുണ്ട്.