‘സുരേഷ് ഗോപിക്ക് ആശംസ നേർന്ന് പോസ്റ്റിട്ട് നടൻ റഹ്മാൻ, താങ്കളെ അൺഫോളോ ചെയ്യുന്നു എന്ന് ഒരു കൂട്ടർ..’ – സംഭവം ഇങ്ങനെ

സിനിമ മേഖലയിൽ നിന്നൊരു കേന്ദ്രമന്ത്രിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മലയാള സിനിമ ലോകം. നടൻ സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായി ഈ കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒന്നിൽ അധികം വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സിനിമ മേഖലയിൽ നിന്നുള്ള പലരും അദ്ദേഹത്തെ അഭിനന്ദിച്ചും ആശംസകൾ നേർന്നും വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.

പലർക്കും അതിന്റെ പേരിൽ മറ്റു പാർട്ടി പ്രവർത്തകരിൽ നിന്നൊക്കെ ചെറിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എങ്കിൽ സിനിമ താരമായ നടൻ റഹ്മാന് നേരിടേണ്ടി വന്നിട്ടുള്ളത് അതിന് അപ്പുറത്തെ സാഹചര്യമാണ്. ഏറെ വർഷത്തെ പരിചയവും സിനിമയിലെ അടുത്ത സുഹൃത്തുമായ സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് പോസ്റ്റിട്ട റഹ്മാൻ തേടിയെത്തിയത് വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ്.

ഒരു പ്രതേക വിഭാഗത്തിൽപ്പെട്ട ആളുകൾ താങ്കളെ അൺഫോളോ ചെയ്യുന്നുവെന്ന് കാണിച്ചുള്ള കമന്റുകളാണ് ഇട്ടിരിക്കുന്നത്. താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് ഇവരിൽ ഭൂരിഭാഗം പേരും പറയുന്നത്. “ലോക്സഭ എംപിയായും കേന്ദ്രമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും. ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

രാഷ്ട്രീയ ജീവിതം ജനങ്ങൾക്കുവേണ്ടി മാറ്റിവെച്ച് മുന്നേറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ..”, റഹ്മാൻ ഇതായിരുന്നു സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. “രാഷ്ട്രീയത്തിനപ്പുറം ഒരു സുഹൃത്ത് അല്ലെങ്കിൽ സഹപ്രവർത്തകൻ എന്ന നിലയിൽ ഒരു വ്യക്തി ഒരുപദവി ഏറ്റെടുക്കുമ്പോൾ ആശംസിക്കുന്നതിൽ എന്താണ് കുഴപ്പം..”, എന്നാണ് അൺഫോളോ കമന്റ് ഇട്ട ഒരാൾക്ക് മറുപടിയായി മറ്റൊരാൾ ഇട്ടത്. അതിന് ഒരുപാട് ലൈക്കും കിട്ടിയിട്ടുണ്ട്.