‘കാവ്യാ മാധവൻ എന്റെ ഭാര്യയാണെന്ന് അവർ വിചാരിച്ചു..’ – രസകരമായ അനുഭവം പറഞ്ഞ് നടൻ മാധവൻ

തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടൻ മാധവൻ. ഒരു ഹെറ്റർ പോലുമില്ലാത്ത ഒരു അഭിനേതാവ് എന്നൊക്കെ മാധവനെ കുറിച്ച് വിശേഷിപ്പിക്കാൻ സാധിക്കും. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ അഭിനയിച്ചിട്ടുള്ള മാധവൻ, മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതെ എന്ന സിനിമയിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ താരമാണ്.

അതിന് മുമ്പ് ഒന്ന്-രണ്ട് സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള മാധവന്റെ കരിയർ മാറ്റിമറിച്ചത് ‘അലൈപ്പായുതെ’യാണ്. തിയേറ്ററുകളിൽ ഗംഭീരവിജയം നേടിയ സിനിമയിൽ ശാലിനി ആയിരുന്നു നായിക. അതിന് ശേഷം നിരവധി സിനിമകളിൽ പല ഭാഷകളിലായി മാധവൻ അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയിൽ ഇപ്പോൾ മാധവൻ അഭിനയിച്ചിരിക്കുകയാണ്.

ചാരവൃത്തി ആരോപിച്ച് ജയിലിൽ കഴിയേണ്ടി വന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘റോക്കറ്ററി’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മാധവനാണ് നമ്പി നാരായണനായി അഭിനയിക്കുന്നത്. സിനിമയുടെ തിരക്കഥയും സംവിധാനവും നിർമ്മാണവും മാധവൻ തന്നെയാണ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധവൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു.

അപ്പോൾ മാധവൻ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാവുന്നത്. അലൈപ്പായുതെയുടെ ഷൂട്ടിംഗ് കുറച്ച് നടന്നത് കേരളത്തിലായിരുന്നു. കേരളവുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുമ്പോഴാണ് മാധവൻ രസകരമായ ഒരു കാര്യം മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. താൻ കാവ്യാ മാധവന്റെ ഭർത്താവാണെന്ന് ആ സമയത്ത് കേരളത്തിലുള്ള ചിലർ തെറ്റിദ്ധരിച്ചിരുന്നുവെന്ന് മാധവൻ പറഞ്ഞത്.

മാധവന്റെ വാക്കുകൾ, ‘കേരളവും മലയാളികളും എന്റെ കരിയറിന്റെ തുടക്കത്തിലെ ഒരു രക്ഷകർ പോലെയാണ്. നിരവധി മലയാളികൾക്കൊപ്പം ഞാൻ താമസിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമ നടന്നത് മണിരത്‌നം സാറിനൊപ്പമായിരുന്നു, അതിലെ ചില ഷൂട്ടിംഗ് ഇവിടെ കേരളത്തിലും. ആ ദിവസം മുതൽ എല്ലാവരും കരുതിയത് ഞാനൊരു മലയാളി ആണെന്നാണ്. കാരണം എന്റെ പേര് മാധവൻ എന്നായതുകൊണ്ട്.!!

കാവ്യാ മാധവൻ എന്റെ ഭാര്യ ആണെന്നാണ് അവർ വിചാരിച്ചിരുന്നത്. പക്ഷേ അവർ എന്നും എനിക്ക് സ്നേഹവും പിന്തുണയും തന്നിട്ടുണ്ട്. ഇവിടെ മാത്രമല്ല, എവിടാ പോയാലും അവരുടെ സ്നേഹം കാണാൻ കഴിയും. കഴിഞ്ഞ ദിവസം ഞാൻ ദുബൈയിലായിരുന്നു. മാധവൻ ചേട്ടാ, അല്ലെങ്കിൽ മാഡി ചേട്ടാ എന്നാണ് അവർ എന്നെ വിളിക്കുന്നത്. മലയാളികൾക്ക് എന്നും എനിക്ക് ലക്കിയാണ്..”, മാധവൻ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ ഒന്നിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.