‘അച്ഛൻ മരിച്ച് ആംബുലൻസിൽ പോകുമ്പോൾ ഞാൻ ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും..’ – വേദിയിൽ കണ്ണീരോട് പൃഥ്വിരാജ്

മല്ലിക സുകുമാരന്റെ സിനിമ ജീവിതം അമ്പത് വർഷം പിന്നിട്ടതിന്റെ ആഘോഷം ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു. മന്ത്രി പി രാജീവ് ആണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുത്തപ്പോൾ പൃഥ്വിരാജ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. താൻ ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ അമ്മയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

‘പതിനാലാം തിയതി മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ഞാൻ യു.എസിലേക്ക് പോകേണ്ടതാണ്. ഞാൻ ഈ പ്രോഗ്രാമിന് വേണ്ടി വീഡിയോ അയച്ചുകൊടുക്കുമ്പോഴും അമ്മ പറയുന്നുണ്ട്, നീ അപ്പോൾ വരില്ല അല്ലെ.. എന്താണെന്ന് അറിയില്ല വിസ ഇതുവരെ കിട്ടിയിട്ടില്ല. നാളെയെ വിസ കിട്ടു.. ആള് അമ്മയായതുകൊണ്ട് ജോബ് ഐഡനെ വരെ വിളിച്ച് സാറെ അവന്റെ വിസ ഇപ്പോൾ കൊടുക്കേണ്ട എന്ന് പറഞ്ഞാലും അതിൽ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല. മിക്കവാറും അങ്ങനെ എന്തോ പരിപാടി അമ്മ ഒപ്പിച്ചിട്ടുണ്ട്.

ചേട്ടനും ഞാനും എന്തായാലും ഇവിടെയുണ്ട്. അപ്പോൾ എന്തായാലും പരിപാടിക്ക് വന്നേ പറ്റുവെന്ന് അമ്മ പറഞ്ഞു. വന്നതിൽ എനിക്ക് വളരെ സന്തോഷം. സ്വന്തം കർമ്മ മേഖലയിൽ, അതിപ്പോൾ സിനിമ മാത്രമല്ല, 50 കൊല്ലം പൂർത്തീകരിക്കുക എന്ന് പറയുന്നത് അത്യപൂർവമായ കാര്യമാണ്. അതിൽ ഒരു കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽ നിന്ന് വിട്ടുനിന്ന് ഒരു വീട്ടമ്മയായി ഒതുങ്ങി നിന്നിരുന്നു. എന്നിട്ടും അമ്മ തിരിച്ചുവന്ന് ഒരു ഗംഭീര കരിയർ ഉണ്ടാക്കിയെടുത്തു.

ലോകത്തിൽ എത്ര മക്കൾക്ക് ഈ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് അറിയില്ല, ഒരുപക്ഷേ എനിക്ക് മാത്രമായിരിക്കും ഈ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടാകുക.. എന്റെ അമ്മയോട് ഒപ്പം അഭിനയിക്കാനും, അമ്മ അഭിനയിച്ച സിനിമ നിർമ്മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഇത് മൂന്നും ചെയ്തിട്ടുള്ള എത്ര മക്കളുണ്ടെന്ന് എനിക്ക് അറിയില്ല. അതിൽ ഞാൻ ഭയങ്കര പ്രൗഡ് ആണ്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ടാലന്റഡ് ആയിട്ടുള്ള ആക്ടർ അമ്മയാണ്.

അമ്മയുടെ കഴിവ് വച്ച് ഇനിയും സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു അമ്മ നിലയിൽ, ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ കഴിഞ്ഞ 40 വർഷമായി കാണുന്ന വ്യക്തിയാണ്. ഞാനാ വീഡിയോയിൽ പറഞ്ഞതുപോലെ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീയാണ് എന്റെ അമ്മ. ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്, അച്ഛൻ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ, അമ്മ ഒറ്റയ്ക്കൊരു വണ്ടിയിലാണ്.

ചേട്ടനും ഞാനും അച്ഛന്റെ കൂടെ ആംബുലൻസിലാണ്. അപ്പോൾ അന്ന് ഞാൻ ആലോചിക്കുന്നുണ്ടായിരുന്നു അമ്മ എന്ത്യേ, ചേട്ടനും ഞാനും ഒക്കെ.. അമ്മ എന്തിയെ എന്ന്.. അമ്മ എന്ത് ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും.. സോ താങ്ക്യൂ.. ഇന്ന് ഇങ്ങനെയൊരു പ്രോഗ്രാം സംഘടിപ്പിച്ചതിന്.. ഒരുപാട് സന്തോഷം..” വികാരഭരിതനായി പൃഥ്വിരാജ് വേദിയിൽ പറഞ്ഞു.