സിനിമയിൽ നാടൻ വേഷങ്ങളിൽ അഭിനയിച്ച് കരിയർ തുടങ്ങിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. സിനിമയിലെ നാടൻ പെൺകുട്ടിയിൽ നിന്ന് പ്രയാഗ ഒരു സ്റ്റൈലിഷ് ഗേളായി മാറി കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രയാഗയെ മലയാളികൾ കാണുന്നത് പല-പല സ്റ്റൈലിഷ് മോഡേൺ ലുക്കുകളിലാണ്. ഇത് സിനിമയ്ക്ക് വേണ്ടി താരം ചെയ്യുന്നത്. മുടി കളർ ചെയ്തും പുതിയ ട്രെൻഡായ കീറിയ പാന്റും ഒക്കെ ധരിച്ച് പ്രയാഗ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഇതോടെ പ്രയാഗയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളുമൊക്കെ ലഭിക്കാൻ തുടങ്ങി. ഇതിനൊക്കെ എതിരെ പ്രയാഗ തന്നെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. “ഞാൻ സിനിമയിൽ ചെയ്ത കഥാപാത്രങ്ങൾ കൂടുതലും നാടൻ വേഷങ്ങളാണ്. അത് സിനിമയാണ്. എന്റെ യഥാർത്ഥ ജീവിതം അങ്ങനെയല്ല. സിനിമയിലെ ഞാനും യഥാർത്ഥ ഞാനും തമ്മിൽ ഒരുപാട് വ്യത്യസങ്ങളുണ്ട്.
രണ്ട് വർഷത്തോളം ഞാൻ സിനിമയിൽ ബ്രേക്ക് എടുത്തിരുന്നു. അപ്പോഴാണ് ജീവിതത്തിൽ ഞാൻ ചില മാറ്റങ്ങൾ കൊണ്ടുവന്നത്. ഒരുപാട് കാര്യങ്ങൾ മാറി. എന്റെ ഫാഷൻ സെൻസും ഒരുപാട് മാറിയിരുന്നു. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഞാൻ കീറിയ പാന്റ് ഇടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. ലോകം മാറുമ്പോൾ പ്രയാഗയ്ക്കും മാറ്റം വരില്ലേ?
മുടി കളർ ചെയ്തതും പ്ലാൻ ചെയ്ത നടപ്പിലാക്കിയ കാര്യവുമല്ല. നാളെ കേരളത്തിൽ പുത്തൻ ട്രെൻഡ് കൊണ്ടുവരാമെന്ന് കരുതി ചെയ്തതല്ല ഒന്നും. യാത്രകളിൽ നിന്നാണ് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. ഹിമാലയത്തിൽ യാത്ര ചെയ്തപ്പോഴാണ് മുടിയിലെ മാറ്റമുണ്ടായത്. ഒരു ട്രൈബ് കമ്മ്യൂണിറ്റിയെ കണ്ടു, അവരാണ് എന്റെ മുടി അങ്ങനെയാക്കിയത്. അത്രയേയുള്ളൂ. ഇതാണ് ഞാൻ. ഇതാണ് എന്റെ പേഴ്സണാലിറ്റി..”, പ്രയാഗ ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.