‘അമ്മമ്മയെ നഷ്ടമായി! 30 വർഷത്തെ എന്റെ ശക്തിയും സ്നേഹവും..’ – സുബ്ബലക്ഷ്മിയുടെ വേർപാടിൽ കൊച്ചുമകൾ സൗഭാഗ്യ

സിനിമാനടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നൂറിൽ അധികം സിനിമകളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പരേതനായ കല്യാണകൃഷ്ണനാണ് സുബ്ബലക്ഷ്മിയുടെ ഭർത്താവ്. നടിയും നർത്തകിയുമായ താരകല്യാൺ മകളാണ്. താരകല്യാണിനെ കൂടാതെ സുബ്ബലക്ഷ്മിക്ക് വേറെയും രണ്ട് മക്കളുണ്ട്.

സുബ്ബലക്ഷ്മിയുടെ കൊച്ചുമകളും താരകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷാണ് അമ്മുമ്മയുടെ വിയോഗം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മുമ്മയ്ക്ക് ഒപ്പം അവസാന നിമിഷം ഹോസ്പിറ്റലിൽ കഴിയുന്ന ഒരു ചിത്രവും സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. “എനിക്ക് അമ്മമ്മയെ നഷ്ടമായി. എന്റെ 30 വർഷത്തെ ശക്തിയും സ്നേഹവും.. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്.. പ്രാർത്ഥനകൾക്ക് നന്ദി..”, സൗഭാഗ്യ കുറിച്ചു.

സൗഭാഗ്യയെ ആശ്വസിപ്പിച്ചും സുബ്ബലക്ഷ്മിയമ്മയ്ക്ക് പ്രണാമം അർപ്പിച്ചും നിരവധി കമന്റുകൾ വന്നു. മലയാള സിനിമ, സീരിയൽ രംഗത്തെ താരങ്ങൾ സുബ്ബലക്ഷ്മിയ്ക്ക് അനുശോചനം അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. 1936-ലാണ് സുബ്ബലക്ഷ്മിയുടെ ജനനം. തിരുവനന്തപുരത്തെ ജവാഹർ ബാലഭവനിലെ മ്യൂസിക്, ഡാൻസ് ഇൻസ്ട്രക്ടർ ആയിട്ട് ജോലി ആരംഭിച്ച ആളാണ് സുബ്ബലക്ഷ്മി. പിന്നീട് 1951-ൽ ഓൾ ഇന്ത്യ റേഡിയോയിൽ ആദ്യത്തെ ലേഡി കംപോസറായി വർഷങ്ങളോളം ജോലി ചെയ്യുകയും ചെയ്തു.

2002-ലാണ് സുബ്ബലക്ഷ്മി അമ്മയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. നന്ദനം എന്ന സിനിമയിലെ വേഷമണി അമ്മാൾ എന്ന കഥാപാത്രമായി തുടങ്ങിയ സുബ്ബലക്ഷ്മി കല്യാണരാമനിലെയും പാണ്ടിപ്പടയിലെയും മുത്തശ്ശി റോളുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിരുന്നു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും അതുപോലെ മലയാളം സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് പരസ്യങ്ങളിലും സുബ്ബലക്ഷ്മി ഭാഗമായിട്ടുണ്ടായിരുന്നു.