നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും തമിഴിലെ യുവസംവിധായകനുമായ ആദിക് രവിചന്ദ്രനും തമ്മിൽ വിവാഹിതരായി. സിനിമ രംഗത്തുള്ള വമ്പൻ താരങ്ങൾ പങ്കെടുത്ത ചടങ്ങ് ചെന്നൈയിൽ വച്ചാണ് നടന്നത്. വിവാഹത്തിന് വിശാലും ലെജൻഡ് ശരവണൻ ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്തപ്പോൾ റിസപ്ഷനിൽ മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, ലിസി എന്നിവരും പങ്കെടുക്കുകയുണ്ടായി.
ഇവർക്ക് പുറമേ തമിഴിലെയും മലയാളത്തിലെയും നിരവധി താരങ്ങൾ വിവാഹ ചടങ്ങളിൽ പങ്കെടുക്കുകയുണ്ടായി. ഐശ്വര്യയും ആദിക്കും തമ്മിൽ കുറച്ചുകാലമായി പരിചയമുള്ളവരാണ്. ആ പരിചയം ഒടുവിൽ പ്രണയത്തിലേക്ക് വഴിയൊരുക്കുകയും ഒടുവിൽ ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുകയും ആയിരുന്നു. ഐശ്വര്യയുടെ ഏക സഹോദരനായ വിക്രം പ്രഭുവും സിനിമ നടനാണ്.
വിശാൽ നായകനായ ഈ അടുത്തിടെ ഇറങ്ങി സൂപ്പർഹിറ്റായ മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിക് രവിചന്ദ്രൻ. 2015-ൽ പുറത്തിറങ്ങിയ തൃഷ ഇല്ലാന നയൻതാര എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിച്ചയൊരാളാണ് ആദിക്. സിമ്പുവിന്റെ അൻബനാവാൻ അസരധവൻ അടങ്ങാധവൻ, പ്രഭു ദേവയുടെ ഭഗീര തുടങ്ങിയ സിനിമകളും ആദിക് ആണ് സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകനായ മേജർ രവിയുടെ അസ്സിസ്റ്റന്റായിട്ടാണ് ആദികിന്റെ തുടക്കം.
പ്രഭുവിന്റെ മകൾ ഐശ്വര്യയാകട്ടെ അച്ഛനെയും സഹോദരനെയും പോലെ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളല്ല. കൊറോണ കാലത്ത് ആരംഭിച്ച മെൽട്സ് എന്ന ബേക്കറിയിലൂടെ സ്വന്തമായി വരുമാനമാർഗം കടത്തിയ ഒരാളാണ്. കേക്കുകളും ഡെസേർട്ടുമാണ് ഐശ്വര്യയുടെ സ്ഥാപനത്തിലെ പ്രധാനം. ചെന്നൈയിൽ ഏറെ പ്രശസ്തമായി മാറിയിരിക്കുന്ന ഒരു ബേക്കറി കൂടിയാണ് ഐശ്വര്യയുടെ മെൽട്സ്.