‘മാടമ്പിത്തരം കാണിക്കാൻ ഇത് വരിക്കാശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്..’ – രഞ്ജിത്തിന് എതിരെ അംഗങ്ങൾ

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിന് എതിരെ പ്രതിഷേധവും വിമർശനങ്ങളുമായി അക്കാദമി അംഗങ്ങൾ. രഞ്ജിത്തിന്റെ അക്കാദമിയിലെ ഏകാധിപതിപരമായ തീരുമാനങ്ങൾക്ക് എതിരെയും നടത്തിയ വാർത്ത സമ്മേളനങ്ങൾക്ക് എതിരേയുമാണ് അംഗങ്ങൾ പ്രതികരിച്ചത്. ഒന്നെങ്കിൽ രഞ്ജിത്ത് പ്രവർത്തികൾ തിരുത്താൻ തയാറാവണം അല്ലെങ്കിൽ പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം.

അക്കാദമിയുടെ 15 അം​ഗങ്ങളിൽ ഒൻപത് പേരാണ് കഴിഞ്ഞ ദിവസം സമാന്തരയോ​ഗം ചേർന്നത്. രഞ്ജിത്ത് നടത്തുന്ന വില കുറഞ്ഞ അഭിപ്രായങ്ങൾ കാരണം തങ്ങൾക്ക് അതിൽ സമാധാനം പറയേണ്ടി വരുന്നുവെന്നും അവർ പറഞ്ഞു. “നല്ല രീതിയിൽ നടന്നുവരുന്ന ചലച്ചിത്രോത്സവമാണ്. രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് മറ്റുള്ളവരോട് പെരുമാറുന്നത്. അയാൾക്ക് എല്ലാവരെയും പുച്ഛമാണ്. മേളയിൽ ഓരോ അംഗങ്ങൾക്കും ഓരോ ചുമതല കൊടുത്തിട്ടുണ്ട്.

അവർ അത് വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നുമുണ്ട്. കുക്കു പരമേശ്വരൻ ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടായി. ഈ കാര്യം അവർ കൃത്യമായി അറിയിക്കേണ്ടവരെ അറിയിച്ചു. ഇതിന് ശേഷം ചെയർമാൻ ഇവരെ വിളിച്ചിട്ട് ഇനി നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന് ഏകപക്ഷീമായി അങ്ങ് തീരുമാനിക്കുകയാണ്. നിർത്തി പോക്കോളാൻ ആവശ്യപ്പെടുകയാണ്. ഇവിടെ ആരും അദ്ദേഹത്തിന്റെ ജോലിക്കാർ അല്ല. രഞ്ജിത്തിനെ നിയമിച്ച പോലെ സർക്കാരാണ് ഓരോ ആളുകളെയും നിയമിച്ചത്.

കഴിഞ്ഞ ദിവസം ഒൻപത് പേരാണ് യോഗം ചേർന്നത്. അംഗങ്ങളെ ഓരോതരെയും ഫോൺ വിളിച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. മാടമ്പിത്തരം കാണിക്കാൻ ഇത് വരിക്കാശ്ശേരി മനയല്ല. ചലച്ചിത്ര അക്കാദമിയാണ്..”, അംഗങ്ങളിൽ ഒരാളായ എൻ അരുൺ മാധ്യമങ്ങളോട് സംസാരിച്ചു. അതേസമയം രഞ്ജിത്തിന് എതിരെ സമൂഹ മാധ്യമങ്ങളിലും വലിയ വിമർശനങ്ങൾ വരുന്നുണ്ട്. സർക്കാർ ആവശ്യപ്പെടാതെ രാജിവെക്കില്ലെന്ന് രഞ്ജിത്തും പറഞ്ഞു.