‘ബാന്ദ്രയ്ക്ക് എതിരെ നെഗറ്റീവ് റിവ്യൂ! അശ്വന്ത് അടക്കം ഏഴ് യൂട്യൂബർമാർക്ക് എതിരെ ഹർജി..’ – സംഭവം ഇങ്ങനെ

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന ഭാട്ടിയ ആദ്യമായി നായികയായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെ ആയിരുന്നു. പക്ഷേ സിനിമയുടെ ആദ്യ ദിനം വന്ന റിവ്യൂവേഴ്സിന്റെ നെഗറ്റീവ് അഭിപ്രായം സിനിമ സാരമായി ബാധിച്ചു.

റിവ്യൂയിൽ മലയാളി പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ളവർ സിനിമയ്ക്ക് വളരെ മോശം അഭിപ്രായമാണ് ആദ്യ ദിനം നൽകിയത്. കൂട്ടത്തിൽ അശ്വന്തിന്റെ റിവ്യൂയാണ് ഏറ്റവും കൂടുതൽ വൈറലായി മാറിയത്. ദിലീപ് സിനിമയിൽ ഉപയോഗിച്ച കോസ്റ്റിയൂമിലും ലുക്കിലുമായിരുന്നു അശ്വന്തിന്റെ റിവ്യൂ. ഇപ്പോഴിതാ അശ്വന്തിനും ഏഴ് യൂട്യൂബർമാർക്കും എതിരെ കോടതിയിൽ ഹർജി വന്നിരിക്കുകയാണ്.

ബാന്ദ്ര സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴു യൂട്യൂബർമാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി വന്നിരിക്കുന്നത്. അശ്വന്തിന് പുറമേ ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, ഷാസ് മുഹമ്മദ്, സായ് കൃഷ്ണ എന്നിവർക്ക് എതിരെയാണ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. സിനിമ ഇറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നഷ്ടമുണ്ടാക്കുന്ന രീതിയിൽ റിവ്യൂ പറഞ്ഞെന്നാണ് ഹർജിയിലെ ആരോപണം.

ബാന്ദ്രയുടെ നിർമാണ കമ്പനിയായ അജിത് വിനായക് ഫിൽംസാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ആദ്യ വീക്കെൻഡ് കേരള കളക്ഷൻ വെറും മൂന്ന് കോടി മാത്രമാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. മുപ്പത് കോടിയിൽ അധികമാണ് സിനിമയുടെ ബഡ്ജറ്റ്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാകുമോ എന്നും സംശയിക്കുന്നുണ്ട്. നിർമാതാക്കളുടെ ഹർജിയിലുള്ള കോടതിയുടെ വിധി എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.