‘അത്രമേൽ ഹൃദയമായവൾക്ക്! ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് നടൻ നിരഞ്ജൻ..’ – ഹൃദയം തൊടും കുറിപ്പുമായി താരം

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ നിരഞ്ജൻ നായർ. പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജൻ മലയാളികൾക്ക് പ്രിയങ്കരനായി മാറുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മുറ്റത്തെ മുല്ല’ എന്ന സീരിയലിലാണ് നിരഞ്ജൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിരഞ്ജന്റെ ഭാര്യ ഗോപികയും മകൻ കുഞ്ഞൂട്ടനും ഒക്കെ പ്രേക്ഷകർ പരിചിതരാണ്.

ഇപ്പോഴിതാ ഭാര്യയുടെ ജന്മദിനത്തിൽ നിരഞ്ജൻ പങ്കുവച്ച മനോഹരമായ ഹൃദയം തൊടുന്ന കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. “എത്ര നിശബ്ദമായാണല്ലേ കാലം മുന്നോട്ട് ഒഴുകുന്നത്. ഒന്ന് കണ്ണടച്ചിരുന്നാൽ മനസ്സ് കൊണ്ട് കാലത്തിനെ തോൽപ്പിച്ച് കൊണ്ട് അതിവേഗം നമ്മുക്ക് പല കാലഘട്ടത്തിലേക്കും എത്താം. വർഷങ്ങൾക്ക് മുൻപേ നിന്നിലേക്ക് എത്തിയപ്പോ ഒരിക്കലും ഞാൻ കരുതിയിരുന്നില്ല.

ഇന്ന് നീ എന്നിലേക്ക് ഇങ്ങനെ ആഴത്തിൽ പടർന്ന് കേറുമെന്ന്.. എന്റെ ശാഖകളിൽ നീ വസന്തകാലമെന്നും നിലനിർത്തുമെന്ന്.. ഋതുക്കളിൽ നീ എന്നും എന്നിൽ സുഗന്ധം നിറയ്ക്കുമെന്ന്.. ഏറ്റവും ശക്തമായി നിന്ന്, തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്ന കാലത്തിനോട് സ്വയം തോൽക്കാതിരിക്കാൻ പ്രതികരിക്കുമെന്ന്.. ഒരുപാട് പ്രതിസന്ധികളെ നീ തരണം ചെയ്തതെങ്ങനെ ഇന്ന് എനിക്ക് ഇന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

എവിടെ ആണെങ്കിലും നിന്നിലേക്ക് ഓടിയെത്താൻ മനസ്സ് എന്നും തിടുക്കം കൂട്ടാറുണ്ട്. എനിക്ക് എന്നും അത്രമേൽ ഹൃദയമായവൾക്ക്.. എത്ര കാലവും നീ എന്നെ ഇങ്ങനെ ചേർത്ത് നിർത്തുമ്പോൾ ഏത് വിഷമവും ഇങ്ങനെ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാവുമെന്നെ.. എന്റെ പ്രിയപ്പെട്ടവൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..”, നിരഞ്ജൻ നായർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട മുന്നാറിലെ ഒരു റിസോർട്ടിൽ വച്ചാണ് നിരഞ്ജൻ ഗോപികയുടെ ജന്മദിനം ആഘോഷിച്ചത്.