‘തൃഷയ്ക്ക് എതിരായ മൻസൂർ അലി ഖാന്റെ മോശം പരാമർശം..’ – സ്വമേധയ കേസെടുത്ത് ദേശീയ വനിത കമ്മിഷൻ

നടി തൃഷയ്ക്ക് എതിരായുള്ള അ.ശ്ലീല പരാമർശത്തിൽ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരമായ പരാമർശം. ലിയോ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്ക് എതിരെ ഒരു കിടപ്പുമുറി രംഗം പ്രതീക്ഷിച്ചുവെന്നും അത് സംഭവിച്ചില്ലെന്നുമാണ് മൻസൂർ അഭിമുഖത്തിൽ പറഞ്ഞത്.

ഇതിനെതിരെയാണ് ദേശീയ വനിതാ കമ്മീഷൻ കേസെടുക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടുവെന്ന് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. “നടി തൃഷ കൃഷ്ണയോട് നടൻ മൻസൂർ അലി ഖാൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഐപിസി സെക്ഷൻ 509 ബിയും മറ്റ് പ്രസക്തമായ നിയമങ്ങളും നടപ്പിലാക്കാൻ ഡിജിപിയോട് നിർദ്ദേശിച്ചുകൊണ്ട് ഞങ്ങൾ ഈ വിഷയത്തിൽ സ്വമേധയാ നടപടിയെടുക്കുകയാണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സാധാരണമാക്കുന്ന ഇത്തരം പരാമർശങ്ങൾ അപലപിക്കണം..”, വനിതാ കമ്മീഷൻ ട്വീറ്റ് ചെയ്തു. മൻസൂറിന്റെ ഈ പരാമർശത്തിന് എതിരെ തൃഷ തന്നെ രംഗത്ത് വന്നിരുന്നു. നീചവും വെറുപ്പുളവാക്കുന്നതുമായ പ്രതികരണമെന്നാണ് തൃഷ പ്രതികരിച്ചത്. ഇത്തരം സ്വഭാവമുള്ള ഒരാൾക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് തൃഷയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലിയോയുടെ സംവിധായകനും ഇതിനെതിരെ രംഗത്ത് വന്നു.

ദേശീയ വനിതാ കമ്മീഷൻ അംഗമായ നടി ഖുശ്‌ബുവും ഇതിനെതിരെ പ്രതികരിച്ചിരുന്നു. വനിതാ കമ്മീഷൻ നടപടി എടുത്തുള്ള ട്വീറ്റ് ഖുശ്‌ബുവും പങ്കുവച്ചിട്ടുണ്ടായിരുന്നു. എന്നാൽ തമാശ രൂപേണയാണ് തന്റെ പ്രതികരണമെന്നും അഭിമുഖത്തിലെ ചില ഭാഗങ്ങൾ എടുത്ത് ചിലർ പ്രചരിപ്പിക്കുകയായിരുന്നു എന്നും മൻസൂർ അലി ഖാൻ പ്രതികരിച്ചു. സ്ത്രീകളെ വളരെ അധികം ബഹുമാനിക്കുന്ന ഒരാളാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.