പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്നായിരുന്നു നടന്നത്. ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ ആഘോഷിക്കുന്നത്. ഈ ദിവസം ചോറ്റാനിക്കര അമ്മയെ കണ്ട് തൊഴാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് സാധരണ എത്താറുളളത്. കഴിഞ്ഞ 2 വർഷമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മകം തൊഴൽ നടക്കാറുളളത്.
ഇപ്പോഴിതാ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴാൻ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നടി നയൻതാര എത്തിയിരിക്കുകയാണ്. കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് നയൻതാര ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മകം തൊഴൽ ദിവസമായത് കൊണ്ട് തന്നെ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു അനുഭവപെട്ടിരുന്നത്. വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് എത്തുന്ന നയൻസിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
സാമൂഹിക, സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് ഈ തവണ മകം തൊഴാനായി എത്തിയത്. നയൻതാരയെയും വിഘ്‌നേശിനെയും കൂടാതെ നടി പാർവതി ജയറാമും മകം തൊഴാനായി എത്തിയിരുന്നു. രണ്ട് മണിയോടെയാണ് ക്ഷേത്ര നട തുറന്നത്. ആ സമയം ആയപ്പോഴായിരുന്നു നയൻതാരയും വിഘ്‌നേഷും ദർശനത്തിനായി എത്തിയത്.
View this post on Instagram
നയൻതാരയെ കണ്ട് മാധ്യമങ്ങൾ ഓടിയെത്തിയെങ്കിലും താരം പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ദർശനം കഴിഞ്ഞ് ഉടൻ തന്നെ നയൻതാര മടങ്ങുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനത്തിന് അനുമതിയുളളത്. രാത്രി 10 മണി വരെയാണ് ദർശനം ഉണ്ടായിരിക്കുക. തിരുവാഭരണങ്ങളും തങ്കഗോളകയും ചാർത്തിയ ദേവിയെ തൊഴാൻവേണ്ടി ഇന്ത്യയ്ക്ക് പുറത്തുനിന്ന് വരെ ആളുകൾ എത്താറുണ്ട്.