‘ആത്മീയ ഹൃദയഭൂമിയിൽ!! അതിഥി ദേവോ ഭവാ, അതിവിടെ കണ്ടത് പോലെ മറ്റെവിടെയും കാണാൻ കഴിഞ്ഞിട്ടില്ല..’ – ചിത്രങ്ങൾ പങ്കുവച്ച് നടി നവ്യ നായർ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് നടി നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാളികൾ നെഞ്ചിലേറ്റിയ നവ്യ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. ഈ കഴിഞ്ഞ ദിവസം മകനൊപ്പം നവ്യ നായർ ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ അവധി ആഘോഷിച്ച് കഴിഞ്ഞ് മടങ്ങുമ്പോൾ അവിടെത്തെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നവ്യ.

“ബാലിയോട് വിട.. ഞാനൊരു സഞ്ചാരിയല്ല പക്ഷേ നടത്തിയ ചുരുക്കം യാത്രകളിൽ നിന്ന് ഇത് പറയാതെ വയ്യ.. അതിഥി ദേവോ ഭവാ!! അതിവിടെ കണ്ടതുപോലെ മറ്റെവിടെയും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല.. ആദ്യമൊക്കെ ഇതൊരു അസാധാരണ ബഹുമാനവും സ്നേഹവും കാണിക്കലാണോ എന്ന് തോന്നി(എന്തിലും ഒരു സംശയം നമ്മുടെ ട്രേഡ് മാർക്ക് ആണല്ലോ) പക്ഷേ അല്ല ഒരു ചെറിയ അനുഭവം കുറിക്കാം. നുസ ദുവ എന്ന സ്ഥലത്താണ് ഞങ്ങൾ ആദ്യം എത്തിയത്. അവിടെ നിന്ന് ഉബുദ് പിന്നീട് ചാങ്കൂ ഇതായിരുന്നു 8 ദിവസത്തേക്കുള്ള പ്ലാൻ.

പക്ഷേ വാട്ടർസ്പോർട്സ് അധികവും നുസ ദുവ ആയതിനാൽ മോന്റെ ആഗ്രഹപ്രകാരം ഞങ്ങൾ അവസാന ദിവസം നുസ ദുവയിലേക്ക് തിരിച്ചെത്തി. എത്തിയപ്പോഴാണ് ഞങ്ങൾ താമസിച്ച ബീച്ച് ഫ്രണ്ട് ഹോട്ടലിന്റെ 100 മീറ്റർ മാറിയുള്ള സെന്ററിൽ ലോ ടൈഡ് കാരണം ആക്റ്റിവിറ്റീസ് ചെയ്യുന്നില്ല എന്ന് പറഞ്ഞത്. അടുത്ത ദിവസം കാലത്ത് ഞങ്ങൾ മടങ്ങുകയുമാണ്. ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടപ്പോൾ, ഏകദേശം 4 കിലോമീറ്റർ ദൂരെ ഉള്ള ഒരു സ്ഥലത്ത് വിളിച്ചു ചോദിച്ചു. ഞങ്ങളെ അവർ അവിടെ എത്തിച്ചു. അവർക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ചിലപ്പോൾ കമ്മീഷൻ കിട്ടുന്നത് കൊണ്ടാകാം എന്നൊക്കെ കരുതാം. പക്ഷേ എനിക്കതിനെ സ്നേഹമായിട്ടാണ് തോന്നിയത്.

പരിഗണനയായിട്ടാണ് തോന്നിയത്. എപ്പോഴും കാണുമ്പോൾ അവിടെ ഉള്ള എല്ലാ കടകളിലെയും കടലിലെയും കൊട്ടാരങ്ങളിലെയും വീടുകളിലെയും റോഡിലെയും ടാക്സിയിലെയും മനുഷ്യർക്കെല്ലാം മനം നിറയ്ക്കുന്ന ചിരിയാണ്. ഇവിടേക്ക് മടങ്ങിവരാൻ തോന്നുന്ന സുരക്ഷിതത്വം ആ ചിരിയിൽ എനിക്ക് കാണാനായി. മോന്റെ ഒപ്പം ഉള്ള യാത്രയായതിനാൽ എന്റെ ഇഷ്ടത്തിനുള്ള മ്യൂസിയം ഒക്കെ അധികം കാണാൻ കഴിഞ്ഞില്ല.. പക്ഷേ ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയിൽ ബാക്കിയുണ്ട്. വീണ്ടും കാണാനുള്ള കൊതിയോടെ.. വിട..”, നവ്യ നായർ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു.