‘വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ ഭക്ഷണത്തിൽ പാറ്റ, പരാതിയുമായി നടൻ മുരളി മേനോൻ..’ – സംഭവം ഇങ്ങനെ

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്സ്‌പ്രസ്. കേരളത്തിൽ ഇതിനോടകം രണ്ട് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകളാണ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ട്രെയിനുകൾ എന്നാണ് ഇതിന് വിശേഷിപ്പിക്കുന്നത് തന്നെ. യാത്ര ചെയ്യുമ്പോഴുള്ള സൗകര്യങ്ങളുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ട്രെയിനുകളാണ് ഇവ. സൗകര്യങ്ങൾ കുറഞ്ഞ് പോയതിനെ പറ്റി അധികം പരാതികൾ വന്നിട്ടില്ല.

ഭക്ഷണത്തിന്റെ കാര്യത്തിലും മികച്ചത് നൽകുന്നുവെന്ന് മിക്കവരും അവകാശപ്പെടുന്നുണ്ട്. എങ്കിൽ ഇപ്പോഴിതാ ഭക്ഷണത്തിന് ഏറെ ഞെട്ടലുണ്ടാകുന്ന ഒരു കാര്യമാണ് പുറത്തുവന്നിരിക്കുന്നത്. നടനും സംവിധായകനും തീയേറ്റർ ആർട്ടിസ്റ്റുമായ മുരളി മേനോൻ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്തപ്പോഴുള്ള ഒരു മോശം അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.

വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ അവിടെ നിന്ന് കിട്ടിയ പ്രഭാതഭക്ഷണത്തിൽ പാറ്റ കണ്ടതിന്റെ മോശം അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. “വന്ദേ ഭാരത് എക്സ്പ്രസിലെ നോൺ വെജിറ്റേറിയൻ പ്രഭാതഭക്ഷണം. അതെ അക്ഷരാർത്ഥത്തിൽ നോൺ വെജ് ആയിരുന്നു..”, എന്ന ക്യാപ്ഷനോടെ പാറ്റയെ ഭക്ഷണത്തിന് അകത്ത് കാണുന്ന രീതിയിലുള്ള ഒരു ചിത്രവും മുരളി മേനോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

പ്രഭാതഭക്ഷണത്തിന് ഒപ്പമുണ്ടായിരുന്ന മുട്ട കറിക്കുള്ളിലാണ് പാറ്റയെ കണ്ടത്. പോസ്റ്റിന് താഴെ പരാതിപ്പെട്ടോ എന്ന് ചിലർ ചോദിച്ചപ്പോൾ ചെയ്തുവെന്നാണ് മുരളി മറുപടി കൊടുത്തിരിക്കുന്നത്. കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കാനും ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രോത്സവം എന്ന മോഹൻലാൽ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് മുരളി മേനോൻ. നടി കുക്കു പരമേശ്വരനാണ് ഭാര്യ.