പ്രശസ്ത തെലുങ്ക് സിനിമ സംവിധായകനും മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവുമായ സൂര്യ കിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലായിരുന്നു അദ്ദേഹം തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തെന്നിന്ത്യൻ നടിയായ കാവേരി ആയിരുന്നു സൂര്യ കിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപ്പെടുത്തിയിരുന്നു.
സൂര്യ കിരൺ തെലുങ്കിൽ അറിയപ്പെടുന്ന സംവിധായകനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത തമിഴ് ചിത്രമായ അരസി റിലീസിന് ഒരുങ്ങുന്ന സമയത്താണ് അദ്ദേഹത്തിന്റെ വേർപാട് സംഭവിച്ചിരിക്കുന്നത്. ത്രി ഡിയിൽ ചിത്രീകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ വിജയ് എന്ന കുട്ടി താരമായി അഭിനയിച്ച് മലയാളികൾക്ക് പണ്ടേ സുപരിചിതനാണ്.
സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഇരുന്നൂറിൽ അടുത്ത് സിനിമകളിൽ പല ഭാഷകളിലായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2003-ൽ തെലുങ്കിൽ സത്യാ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനായും തുടക്കം കുറിച്ചു. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സൂര്യ കിരൺ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.
തെലുങ്ക് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. ഏറെ വർഷങ്ങൾക്ക് ശേഷം ബിഗ് ബോസിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. അതിന് ശേഷമാണ് അരസി സിനിമ പ്രഖ്യാപിച്ചത്. മലയാളത്തിൽ അടക്കം തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടി സുജിത സൂര്യ കിരണിന്റെ സഹോദരിയാണ്. സൂര്യ കിരണിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടിലിലാണ് സിനിമ ലോകം.