‘ജയമോഹൻ സാർ പറഞ്ഞത് ശരിയാണ്, ഞങ്ങൾ ലഹരിക്ക് അടിമകളാണ്! സിനിമ എന്ന ലഹരി..’ – പ്രതികരിച്ച് അഭിലാഷ് പിള്ള

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും അപമാനിച്ചുകൊണ്ട് എഴുത്തുകാരനായ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പടെ ജയമോഹനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം എന്ന തലക്കെട്ടോടെ മാർച്ച് ഒമ്പതിനായിരുന്നു ജയമോഹന്റെ ബ്ലോഗ് എഴുതിയത്.

മഞ്ഞുമേൽ ബോയ്സ് എന്ന സിനിമയെ വിമർശിച്ചാണ് തുടങ്ങിയതെങ്കിലും പിന്നീട് മലയാളികളെയും മലയാള സിനിമയെയും അടച്ചാക്ഷേപിച്ചാണ് ജയമോഹന്റെ പരാമർശങ്ങൾ. തമിഴ് നാട് സ്വദേശി ആണെങ്കിലും ജയമോഹൻ മലയാളത്തിൽ നിരവധി പുസ്തകങ്ങൾ എഴുതുകയും മൂന്ന് സിനിമകളുടെ തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. ഒഴിമുറി, കാഞ്ചി, വൺ ബൈ ടു എന്നിവയാണ് ജയമോഹൻ തിരക്കഥ എഴുതിയ സിനിമകൾ.

ജയമോഹന്റെ ഈ പ്രതികരണത്തിന് എതിരെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള രംഗത്ത് വന്നിരിക്കുകയാണ്. തങ്ങൾ ലഹരിക്ക് അടിമകൾ ആണെന്നും പക്ഷേ അത് സിനിമ എന്ന ലഹരിയാണെന്നും അത് സ്വപ്നം കണ്ടുവരുന്ന എല്ലാവരെയും ചേർത്ത് നിർത്തുമെന്നും അദ്ദേഹം കുറിച്ചിരുന്നു. “ജയമോഹൻ സാർ പറഞ്ഞതിൽ ഒരു കാര്യം ഞാൻ സമ്മതിക്കുന്നു ഞങ്ങൾ ലഹരിക്ക് അടിമകളാണ്.

പക്ഷെ ആ ലഹരിയുടെ പേര് സിനിമ എന്നാണ്. ജീവിതകാലം മുഴുവൻ ആ ലഹരിയിൽ തന്നെ ഞങ്ങൾ ജീവിക്കും ആ ലഹരി സ്വപ്നം കണ്ടു വരുന്ന എല്ലാവരെയും ഞങ്ങൾ ചേർത്ത് നിർത്തുകയും ചെയ്യും..”, ഇതായിരുന്നു ജയമോഹന്റെ വാക്കുകൾക്ക് എതിരെ അഭിലാഷ് പിള്ള കുറിച്ചത്. ജയമോഹന് എതിരെ വലിയ രീതിയിൽ വിമർശനവും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്.