‘ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാൽ, അദ്ദേഹം എല്ലാർക്കും മുകളിലാണ്..’ – ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ

മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് പുറത്തുള്ളവർ പ്രതികരിക്കുമ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായ മോഹൻലാലിനെയും മറ്റു താരങ്ങളെയും കുറിച്ച് ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ കാണുന്ന ഒരാളാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടൻ മോഹൻലാൽ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം മികച്ചതാണെന്നും മുത്തയ്യ പറയുന്നതിന് ഒപ്പം തന്നെ, ഈ തലമുറയിലെ മികച്ച നടനായി ഫഹദിനെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിൽ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അവതാരക ചോദിച്ചപ്പോഴാണ് മുത്തയ്യ മലയാളത്തിലാണോ എന്ന് തിരിച്ചുചോദിക്കുകയും കൃത്യമായി മറുപടി പറയുകയും ചെയ്തത്.

“ഞാൻ ഒട്ടുമിക്ക മലയാള സിനിമകളും കാണുന്ന ഒരാളാണ്. എനിക്ക് മലയാളത്തിൽ 4,5 താരങ്ങളെ ഇഷ്ടമാണ്. അതിൽ ഒന്ന് മോഹൻലാലാണ്. പിന്നെ മമ്മൂട്ടി. ജയറാമിനെ എന്നും ഒരു കോമേഡിയനായിട്ട് എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജ്, അദ്ദേഹത്തെയും എനിക്ക് വളരെ അധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെയും കുറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. മമ്മൂട്ടിയുടെ മകനും നല്ലതാണ്, ദുൽഖർ. പിന്നീട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഫഹദ് ഫാസിൽ. ഇപ്പോഴുള്ളവരിൽ ഏറ്റവും മികച്ചത് ഫഹദാണ്.

ഇവരിൽ എല്ലാം മുകളിലാണ് മോഹൻലാൽ. കാരണം, ലൂസിഫർ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഞാൻ കണ്ടു. വളരെ പ്രതേകതയുള്ള അഭിനയമാണ്. അദ്ദേഹം അഭിനയിക്കുന്ന രീതി തന്നെ എനിക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹം ആ കഥാപാത്രമായി മാറുന്നത് അതിമനോഹരമാണ്. തമിഴിലും അദ്ദേഹം ചില സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളം മാത്രമല്ല, എല്ലാ ഇന്ത്യൻ ഭാഷകളിലെ സിനിമകളും ഞാൻ കാണാറുണ്ട്..”, മുരളീധരൻ പറഞ്ഞു.