‘ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി..’ – ജന്മദിനവും വിവാഹ വാർഷിക ആശംസയും നേർന്ന് മോഹൻലാൽ

മോഹൻലാൽ എന്ന നടനെ ഒരു താരം എന്ന നിലയിലേക്ക് കൊണ്ടുപോകാൻ ജീവിതത്തിൽ പലരും സഹായിച്ചിട്ടുണ്ടാവാം. പക്ഷേ ഒരു സൂപ്പർസ്റ്റാർ ആയ ശേഷം മോഹൻലാലിന് ഒപ്പം നിന്ന് അദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ഒരു നല്ല സുഹൃത്തിനെ പോലെ നടക്കുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ ഡ്രൈവറായി വന്ന് ഇന്ന് മലയാള സിനിമയിൽ വലിയ നിർമ്മാതാവായി മാറിയ ഒരാളാണ് ആന്റണി.

ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ കമ്പനി മോഹൻലാലിന് ഒപ്പം ചേർന്ന് വമ്പൻ വിജയമാക്കി മാറ്റിയ ഒരാളാണ് ആന്റണി. നരസിംഹം എന്ന സിനിമയാണ് ആന്റണി ആദ്യമായി നിർമ്മിക്കുന്നത്. കിലുക്കം, അങ്കിൾ ബൺ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചുകൊണ്ട് ആ രംഗത്ത് ചുവടുവച്ചിരുന്ന ആന്റണി ആ കാലത്ത് മോഹൻലാലിൻറെ ഡ്രൈവർ ആയിരുന്നു. പിന്നീട് മോഹൻലാൽ തന്നെയാണ് നിർമ്മാണ രംഗത്ത് കൈപിടിച്ചുകൊണ്ടുവരുന്നത്.

രണ്ട് തവണ ദേശീയ അവാർഡും നാല് തവണ സംസ്ഥാന അവാർഡും ആന്റണിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നേടിയിട്ടുണ്ട്. ശാന്തി എന്നാണ് ആന്റണിയുടെ ഭാര്യയുടെ പേര്. രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. നേര് ആണ് ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം. മോഹൻലാലിൻറെ തന്നെ ബറോസ്, എമ്പുരാൻ എന്നീ സിനിമകൾ നിർമ്മിക്കുന്നതും ആന്റണി പെരുമ്പാവൂരാണ്. രണ്ടും ഈ വർഷമാണ് റിലീസ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനവും വിവാഹ വാർഷികവുമായിരുന്നു.

ഈ സുദിനത്തിൽ മോഹൻലാൽ ആന്റണിക്ക് ആശംസകൾ നേർന്ന് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. “ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ! ശാന്തിക്കും ആൻ്റണിക്കും, നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ, ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും നിങ്ങളുടെ ബന്ധം ദൃഢമായിത്തീരട്ടെ.. വാർഷിക ആശംസകൾ..”, മോഹൻലാൽ കുറിച്ചു.