‘എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല..’ – വേദന പങ്കുവച്ച് നടൻ മോഹൻലാൽ

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി ഗുരുതരമായ സിദ്ദിഖിന്റെ മരണം ചൊവ്വാഴ്ച രാത്രിയോട് സംഭവിക്കുകയായിരുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങളും സിദ്ദിഖിന് ഉണ്ടായിരുന്നു. മലയാള സിനിമ രംഗത്ത് നിരവധി പേരാണ് സിദ്ദിഖിനെ കാണാൻ വേണ്ടി ആശുപത്രിയിലേക്ക് അവസാന നിമിഷം എത്തിയത്. അനുശോചനം അറിയിച്ച് നിരവധി താരങ്ങൾ പോസ്റ്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.

സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാൻ സാധികുന്നില്ലെന്നാണ് മോഹൻലാൽ കുറിച്ചത്. “എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളി ലൂടെയും ആവിഷ്കരിച്ച്, ലോകം എമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവൻ ആയി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞതിലുള്ള വിഷമം പറഞ്ഞ് അറിയിക്കാൻ വയ്യ!

വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വനേടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുത് എന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തി ലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും അദ്ദേഹം സൗമ്യത പുലർത്തി. ആരോടും ശത്രുത കാണിക്കാതെ ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി.

ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം സഹ സംവിധായകനായി പ്രവർത്തിച്ച ആദ്യ സിനിമ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷര അർത്ഥത്തിൽ എനിക്കൊരു ബിഗ് ബ്രദർ തന്നെ ആയിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാജ്ഞലികൾ..”, മോഹൻലാൽ സിദ്ദിഖിന്റെ വേർപാടിൽ വേദനയോട് പങ്കുവച്ചു.