2009-ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. പൂർണമായും ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്‌ത് പുറത്തിറങ്ങുന്ന സിനിമയുടെ കഥയും അത്തരത്തിലാണ്. സിനിമയുടെ ഏറ്റവും വലിയ പ്രതേകത ഇതിൽ മോഹൻലാൽ മാത്രമേ അഭിനയിക്കുന്നോള്ളൂ എന്നതാണ്. ഒറ്റ കഥാപാത്രം മാത്രമാണ് സിനിമയിലുള്ളത്.
മോഹൻലാൽ കാളിദാസ് എന്ന കഥാപാത്രമായുള്ള പ്രകടനം കാണാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ധിഖ്, നന്ദു, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. പക്ഷേ ശബ്ദത്തിലൂടെ മാത്രമാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ ന്യൂ ഇയർ പ്രമാണിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. ആശിർവാദ് സിനിമാസാണ് നിർമ്മാണം.
ജനുവരി 26-നാണ് സിനിമയുടെ റിലീസ്. ആദ്യ ഒ.ടി.ടി റിലീസായിട്ടാണ് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ഒരു ത്രില്ലെർ ചിത്രം തന്നെയാണ് ഷാജി കൈലാസ് ഒരുക്കിവച്ചിരിക്കുന്നത്. ട്രെയിലർ തന്നെ വളരെ കൗതുകം ഉണർത്തുന്ന രീതിയിലാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൊറർ ത്രില്ലറാണോ എന്നും ചിലർ ട്രെയിലർ കണ്ടിട്ട് ചോദിക്കുന്നുണ്ട്.
മൂന്നാമതൊരാൾ എന്ന ചിത്രത്തിന്റെ തിരക്കഥ കൃത്തായ രാജേഷ് ജയരാമനാണ് ഇതിന്റെയും തിരക്കഥ. ട്രെയിലറിലെ മോഹൻലാലിൻറെ പ്രകടനവും ഗംഭീരമായിരുന്നു. ഷാജി കൈലാസ് കടുവ, കാപ്പ തുടങ്ങിയ സൂപ്പർഹിറ്റുകൾ നൽകി തിരിച്ചുവരവ് അറിയിച്ചിരുന്നു. എലോൺ അതിനെല്ലാം മുമ്പ് ഷൂട്ട് ചെയ്തു വച്ചിരുന്ന ചിത്രമാണ്. അഭിനന്ദൻ രാമാനുജനും പ്രമോദ് കെ പിള്ളയും ചേർന്നാണ് ക്യാമറ ചെയ്തിരിക്കുന്നത്.