‘കാശ് കൊടുത്ത് മോഹൻലാലിന്റെ സിനിമകൾ കാണില്ല! രാം ലല്ലയാണ് സത്യം..’ – പോസ്റ്റുമായി കവി അംബിക ജെ.കെ

അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന ദിവസമായ ഇന്ന് ഇന്ത്യയിലെ പ്രമുഖരായി വ്യക്തികൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ അമിതാഭ് ബച്ചൻ, രജനികാന്ത്, ചിരഞ്ജീവി, അഭിഷേക് ബച്ചൻ, രൺബീർ സിംഗ്, അനുപം ഖേർ, ആലിയ ഭട്ട്, വിക്കി കൗശൽ, കത്രിന കൈഫ്, രാംചരൺ, സച്ചിൻ തെണ്ടുൽക്കർ, കങ്കണ തുടങ്ങിയ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു.

മലയാളത്തിൽ നിന്ന് ഒരു താരങ്ങൾ പോലും പങ്കെടുത്തിരുന്നില്ല. ബിജെപിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന സുരേഷ് ഗോപിയോ ഉണ്ണി മുകുന്ദനോ പോലും ചടങ്ങിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്. സുരേഷ് ഗോപി മകളുടെ വിവാഹത്തിന്റെ തിരക്കുകളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഒന്ന് മാറിയത്. ഉണ്ണി മുകുന്ദൻ ആകട്ടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതുകൊണ്ടാണ് പോകാതിരുന്നതെന്ന് വ്യക്തമാണ്.

പക്ഷേ ഇവരേക്കാൾ വിമർശനമാണ് ഇപ്പോൾ നടൻ മോഹൻലാലിന് സമൂഹ മാധ്യമങ്ങളിൽ ചില വലത് അനുകൂല അക്കൗണ്ടുകളിൽ നിന്നും ബിജെപി നിലപാടുകളുള്ള ചില രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും ഉണ്ടായിരിക്കുന്നത്. കവിയും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകളിലൂടെയും സുപരിചിതയായ കവി അംബിക ജെ.കെ ഇപ്പോൾ മോഹൻലാൽ സിനിമ ബഹിഷ്കരിക്കുന്നുവെന്ന് രീതിയിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

“പറയാൻ പറ്റിയ സമയമാണോ എന്നൊന്നും അറിയില്ല. ബഹിഷ്കരിക്കാൻ ആഹ്വാനവും ചെയ്യുന്നില്ല. ഞാൻ ഇനി കാശുകൊടുത്തു മോഹൻലാലിൻറെ സിനിമകൾ കാണില്ല! രാം ലല്ലയാണ് സത്യം..”, ഇതായിരുന്നു അംബികയുടെ കുറിപ്പ്. എമ്പുരാന്റെ ഷൂട്ടിങ്ങിന് വേണ്ടി മോഹൻലാൽ അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. ഇത് മനസ്സിലാക്കാതെയാണ് ഇവർ മോഹൻലാലിന് എതിരെ തിരിഞ്ഞിരിക്കുന്നത്. മോഹൻലാൽ ആരാധകർ പക്ഷേ ഇത് വിടാൻ ഉദ്ദേശിച്ചിട്ടില്ല. പോസ്റ്റിന് എതിരെ രംഗത്ത് വരികയും ചെയ്തു.