‘അവൻ തിരിച്ചു വരുന്നു!! ഏബ്രാം ഖുറേഷിയുടെ രണ്ടാം വരവ് അവതരിപ്പിച്ച് ഗോവർധൻ..’ – ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ പൊളിറ്റിക്കൽ ത്രില്ലറായി ഇറങ്ങിയ സിനിമ മോഹൻലാൽ ആരാധകരെ ഇരട്ടി ആവേശത്തിൽ എത്തിച്ച സിനിമയായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തിരുന്നു. അതിന്റെ രണ്ടാം ഭാഗവും അവർ പ്രഖ്യാപിച്ചിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ‘എമ്പുരാൻ’ എന്ന പേരോടെയാണ് പൃഥ്വിരാജ്, മുരളി ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചത്. ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറഞ്ഞ സമയത്തായിരുന്നു പൃഥ്വിരാജിന് താൻ അഭിനയിച്ച സിനിമയുടെ ലൊക്കേഷനിൽ വച്ച് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് സെപ്തംബർ മുപ്പതിന് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർ ആ സസ്പെൻസ് പൊട്ടിച്ചിരിക്കുകയാണ്.

ഒക്ടോബർ അഞ്ചിന് ഷൂട്ടിംഗ് ആരംഭിക്കുകയാണെന്നാണ് പുതിയ അപ്ഡേറ്റ്. ലൂസിഫറിലെ ആദ്യ ഭാഗത്തിലെ ഖുറേഷി ഏബ്രഹാമിന്റെ സൂചനകൾ തന്ന സീനുകളും അവസാനം ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർധൻ എന്ന കഥാപാത്രത്തിന്റെ ആദ്യ ഭാഗത്തിലുള്ളത് പോലെ മറ്റൊരു ഫേസ്ബുക്ക് ലൈവും ചേർത്തുള്ള ഒരു ലോഞ്ച് വീഡിയോയാണ് ഇറക്കിയിരിക്കുന്നത്. ആശിർവാദ് പ്രൊഡക്ഷൻസിന് ഒപ്പം തെന്നിന്ത്യയിലെ വലിയ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.

‘ഹീ ഈസ് കമിംഗ് ബാക്ക്’ എന്നാണ് വീഡിയോയിൽ ഗോവർധൻ പറയുന്നത്. ഇതോടെ ആരാധകർ ഇരട്ടിയാവേശത്തിലാണ്. മോഹൻലാലിൻറെ ഏറ്റവും ശക്തമായ മാസ്സ് റോളുകളിൽ ഒന്നായിരുന്നു ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി എബ്രഹാം. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവർക്ക് പുറമേ പൃഥ്വിരാജ് സുകുമാരനും ക്ലൈമാക്സിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.