‘സാമ്രാജ്യം തിരിച്ചുപിടിക്കാൻ ലാലേട്ടൻ!! ലിജോയുടെ മലൈക്കോട്ടൈ വാലിബൻ ആരംഭിച്ചു..’ – ഫോട്ടോസ് കാണാം

മോഹൻലാലിനെ നായകനാക്കി ഈ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ലിജോയും മമ്മൂട്ടിയും ഒന്നിച്ച ‘നൻപകൽ നേരത്ത് മയക്കം’ നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. മലയാളത്തിലെ രണ്ട് മഹാനടന്മാരെ അടുത്തടുത്ത സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ലിജോ.

മോഹൻലാൽ ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ രാജസ്ഥാനിലാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം മോഹൻലാൽ എന്ന നടൻ അത്ര മികച്ച ഒരു വർഷമായിരുന്നില്ല. ഒ.ടി.ടിയിൽ ഇറങ്ങിയ ബ്രോ ഡാഡിയും 12-ത് മാനും മികച്ച അഭിപ്രായം നേടിയെങ്കിലും തിയേറ്ററിൽ ഇറങ്ങിയ രണ്ട് സിനിമകളും പരാജയപ്പെട്ടിരുന്നു.

ലൂസിഫറിന് ശേഷം മൂന്ന് വർഷത്തോളമായി മോഹൻലാലിൻറെ ഒരു സിനിമ തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ലിജോയ്ക്ക് തങ്ങളുടെ പ്രിയതാരത്തിന് മികച്ച ഒരു സിനിമ തന്നെ സമ്മാനിക്കുമെന്ന് ആരാധകർ കരുതുന്നു. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ചിത്രം ആരംഭിച്ചത്. സിനിമയുടെ പൂജ സ്വിച്ച് ഓൺ കർമ്മങ്ങളുടെ ഫോട്ടോസ് മോഹൻലാൽ തന്നെ പങ്കുവച്ചിട്ടുണ്ട്.

സംവിധായകനായ ടിനു പാപ്പച്ചൻ ലിജോയുടെ ചീഫ് അസ്സോസിയേറ്റ് ആയിട്ട് ഈ സിനിമയിൽ ഒപ്പമുണ്ട്. മോഹൻലാൽ, ടിനു പാപ്പച്ചൻ ചിത്രവും ഈ സിനിമ കഴിഞ്ഞാൽ ഉണ്ടാകുമെന്ന് സൂചനകളുണ്ട്. സോണാലി കുൽക്കർണി, കാത്ത നന്തി, ഹരീഷ് പേരടി എന്നിവരാണ് മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് വൈകാതെ തന്നെ പുറത്തുവരുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.