‘ഇന്ത്യൻ മണി ഹീസ്റ്റ് വരുന്നു? ഐ.ജി വിജയനായി മോഹൻലാൽ, കവർച്ച തലവനായി ഫഹദ്..’ – ആവേശത്തോടെ ആരാധകർ

നെറ്റ്.ഫ്ലിക്സിൽ ഇറങ്ങിയ മണി ഹീസ്റ്റ് എന്ന വെബ് സീരീസ് മലയാളികളിൽ പലരും കണ്ടിട്ടുണ്ടാവും. ട്വിസ്റ്റുകളും അതീവ പ്ലാനുകളും കൂടിയ ഒരു റോബറിയുടെ കഥ പറയുന്ന വെബ് സീരിസിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. മലയാളത്തിൽ അതുപോലെയൊരു സിനിമെങ്കിലും വന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരും ഉണ്ടായിരിക്കില്ല.

പതിനഞ്ച് വർഷം മുമ്പ് കേരളക്കരയെ ഞെട്ടിച്ച ഒരു ബാങ്ക് കവർച്ച സിനിമയാകാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഔദോഗികമായ ഒരു സ്ഥിരീകരണം വന്നിട്ടില്ലെങ്കിൽ കൂടിയും ഏകദേശം ഉറപ്പായി എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. പ്രതികളെ തേടി 56 ദിവസം സാഹസികമായി നടത്തിയ കേരള പൊലീസിന്റെ അന്വേഷണമാണ് സംഭവം.

2007 പുതുവത്സര തലേന്നാണ് മലപ്പുറം ചേലമ്പ്ര ബാങ്കിൽ കവർച്ച നടത്തി 25 ലക്ഷം രൂപയും 80 കിലോ സ്വർണവുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ പതിനാറ് അംഗ പൊലീസ് സംഘത്തിന്റെ ഉറക്കമില്ലാത്ത രാത്രികൾ, രാജ്യത്തെ 5 പ്രധാന നഗരങ്ങളിലെ തിരച്ചിൽ, സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഒടുവിൽ സിനിമയാകുന്നത്. ആ അന്വേഷണത്തിന് നേതൃത്വം നൽകിയത് ഐ.ജി വിജയനായിരുന്നു.

ഐ.ജി വിജയമായി വെള്ളിത്തിരയിൽ എത്തുന്നത് മോഹൻലാലാണെന്നാണ് പുറത്തുവരുന്ന വാർത്ത. അതുപോലെ കവർച്ച തലവനായി അഭിനയിക്കുന്നത് ഫഹദ് ഫാസിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലും സിനിമ ഇറങ്ങുമെന്നും സൂചിപ്പിക്കുന്നുണ്ട്. അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ ‘ഇന്ത്യ’സ് മണി ഹീസ്റ്റ് – ദി ചേലേമ്പ്ര ബാങ്ക് റോബറി’ എന്ന ബുക്കിന് ആസ്പദമാക്കിയാണ് സിനിമ ഇറങ്ങുന്നത്. പുസ്തകത്തിന്റെ പ്രകാശനത്തിന് മോഹൻലാലും ഐ.ജി വിജയനും പങ്കെടുത്തിരുന്നു.