‘കാത്തിരുന്ന അപ്ഡേറ്റ് എത്തി! ‘ബറോസിന്റെ നിർണായക പ്രഖ്യാപനവുമായി മോഹൻലാൽ..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങളെ അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും വരുന്ന കാഴ്ചയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുമ്പോൾ എന്തായിരിക്കും കരുതി വച്ചിരിക്കുക എന്ന് മാത്രമാണ് അറിയാനുള്ളത്. ഇത്രയും വർഷത്തെ സിനിമ അനുഭവമുള്ള ഒരാളുകൂടിയാണ് മോഹൻലാൽ.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ഒരു പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. 2024 മാർച്ച് 28-ന് ബറോസ് തിയേറ്ററുകളിൽ എത്തുമെന്നാണ് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുമ്പ് മോഹൻലാലിന്റെ നേര്, മലൈക്കോട്ടൈ വാലിബൻ എന്നീ സിനിമകൾ ഇറങ്ങാനുണ്ട്. 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൊച്ചിയിലും ഗോവയിലുമായിരുന്നു ഭൂരിഭാഗം സിനിമയുടെ ഷൂട്ടിംഗ്.

ജിജോ പൊന്നൂസിന്റെ ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ബറോസായി വേഷമിടുന്നത്. വിദേശത്ത് നിന്നുള്ള ടെക്നീഷ്യൻസ് ആണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും. ജിജോ പൊന്നൂസ് പക്ഷേ സിനിമയുടെ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറിയിരുന്നു.

താൻ എഴുതിയ സ്ക്രിപ്റ്റിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന കാരണത്താലാണ് അദ്ദേഹം പിന്മാറിയത്. അതുപോലെ കോവിഡ് സാഹചര്യം മൂലം അതിന് മുമ്പ് ഷൂട്ട് ചെയ്ത ഭാഗം മുഴുവനും ഒഴിവാക്കി വീണ്ടും ഒന്നെന്ന് മുതൽ ആരംഭിക്കേണ്ടി വന്നിരുന്നു. ആദ്യം ഒപ്പം അഭിനയിക്കാൻ ഉണ്ടായിരുന്ന പൃഥ്വിരാജിനും മറ്റു സിനിമകളുടെ ഷൂട്ടിംഗ് കാരണം പിന്മാറേണ്ടി വന്നു. എന്നായാലും പ്രേക്ഷകർ കാത്തിരിക്കുകയാണ്.