‘വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവി ചേട്ടനായി എനിക്ക് ഉണ്ടായിരുന്നത്..’ – ഓർമ്മ പങ്കുവച്ച് മോഹൻലാൽ

സിനിമ, സീരിയൽ, നാടക നടനായ പൂജപ്പുര രവിയുടെ വേർപാട് അഭിനയ രംഗത്ത് തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട് താങ്ങാനാവാതെ സഹതാരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ അദ്ദേഹത്തിന് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മോഹൻലാലിന്റെ കുറിപ്പ് തന്നെയാണ്. ഏറെ വികാരഭരിതമായിട്ടാണ് അദ്ദേഹം പൂജപ്പുര രവിയെ ഓർത്തെടുത്തത്.

“വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ എണ്ണൂറിൽപ്പരം സിനിമകളിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭയാണ് അദ്ദേഹം.

മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..”, മോഹൻലാൽ കുറിച്ചു. പൂജക്കൊരു മൂക്കുത്തി, മഴ പെയ്യുന്നു മദളം കൊട്ടുന്നു, അഗ്നിദേവൻ, അഹം, കിലുക്കം, കിളിച്ചുണ്ടൻ മാമ്പഴം, ഹരികൃഷ്ണൻസ്, കടത്തനാടൻ അമ്പാടി തുടങ്ങിയ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറിൽ അധികം സിനിമകളിലും പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 2016-ൽ ഇറങ്ങിയ ഗപ്പിയാണ് അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ സിനിമ. അതിന് ശേഷം ആരോഗ്യ കാരണങ്ങളാൽ സിനിമയിൽ നിന്ന് വിരമിക്കാൻ അദ്ദേഹം തീരുമാനിച്ചു. കഴിഞ്ഞ വർഷം ജന്മനാടായ പൂജപ്പുരയിൽ നിന്ന് മകന് വിദേശത്തേക്ക് പോയതോടെ മകളുടെ സ്ഥലമായ മറയൂരിലേക്ക് പോയി.