‘ഫയൽവാൻ വാസു പിള്ള ഇനി ഓർമ്മ!! നടൻ പൂജപ്പുര രവി അന്തരിച്ചു..’ – കണ്ണീരോട് സിനിമ ലോകം

മലയാള സിനിമയിൽ മുതിർന്ന അഭിനേതാക്കളിൽ ഒരാളായ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് അദ്ദേഹം. സിനിമ, നാടക, സീരിയൽ രംഗത്ത് സജീവമായി അഭിനയിച്ചിരുന്ന ഒരാളാണ് അദ്ദേഹം. ഹാസ്യ വേഷങ്ങളിലാണ് സിനിമയിൽ കൂടുതലും അഭിനയിച്ചിട്ടുളളത്.

എം രവീന്ദ്രൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നാടകങ്ങളിൽ ആദ്യം അഭിനയിച്ച തുടങ്ങിയ അദ്ദേഹം ഒരുപാട് പേർക്ക് രവി എന്നുള്ള പേരുള്ളതുകൊണ്ട് തന്നെ പേരിനൊപ്പം സ്ഥലപ്പേര് കൂടി ചേർത്ത് പൂജപ്പുര രവിയായി മാറി. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് രവി അഭിനയത്തിലേക്ക് കടക്കുന്നത്. 1970-കളുടെ പകുതിയോടെ രവി സിനിമയിലേക്ക് എത്തി.

ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടക്കത്തിൽ സിനിമ ചെറിയ കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് ഏത് റോളും ചെയ്യുന്ന താരത്തിലേക്ക് അദ്ദേഹം മാറി. കോമഡി റോളുകളിലൂടെ ജന്മനസ്സുകളിലേക്ക് വളരെ പെട്ടന്ന് തന്നെ അദ്ദേഹം കയറികൂടി. നാല്പത് വർഷത്തോളം അദ്ദേഹം സിനിമ മേഖലയിൽ സജീവമായി പ്രവർത്തിച്ചു.

2016-ൽ ടോവിനോ തോമസ് നായകനായ ഗപ്പി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇനി സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജന്മനാടായ പൂജപ്പുരയിൽ നിന്ന് ഏറെ വേദനയോടെ മകളുടെ വീടായ മറയൂരിലേക്ക് താമസം മാറി. നാടകവേദിയിൽ ഒപ്പമുണ്ടായിരുന്ന തങ്കമ്മ ആയിരുന്നു ജീവിതസഖി. ആറ് വർഷംമുമ്പ് ഭാര്യ വിടപറഞ്ഞു. രണ്ട് മക്കളാണ് ഉള്ളത്.