മികച്ച അഭിപ്രായം നേടുന്ന സിനിമകൾക്ക് പോലും ഇന്ന് തിയേറ്ററുകളിൽ അധികം ആളുകൾ വരുന്നില്ല എന്നത് സത്യമാണ്. പലപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു ചിത്രം സമ്മാനിക്കാൻ മലയാളത്തിലെ വർഷങ്ങളായി സംവിധാന രംഗത്ത് തുടരുന്ന പലർക്കും സാധിച്ചിട്ടില്ല. സത്യൻ അന്തിക്കാടും കെ മധുവും പ്രിയദർശനുമെല്ലാം ഈ കാര്യത്തിൽ പരാജയപ്പെട്ടപ്പോൾ ജോഷി മാത്രമാണ് ഇപ്പോഴും പിടിച്ചുനിന്നത്.
മോഹൻലാൽ തന്റെ പഴയ സൗഹൃദ കൂട്ടായ്മയിൽ നിന്ന് വീണ്ടും സിനിമകൾ ഒരുക്കിയെങ്കിലും തിയേറ്ററിലേക്ക് എത്തിയതെല്ലാം മോശം അഭിപ്രായം നേടുകയും ചെയ്തു. ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2, ബ്രോ ഡാഡി പോലെയുള്ള സിനിമകൾ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണൻ, പ്രിയദർശൻ, ഏറ്റവും ഒടുവിലായി ഇറങ്ങിയ വൈശാഖ് സിനിമയ്ക്കും മോശം അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
മോഹൻലാൽ എന്ന താരത്തിന്റെ വീഴ്ച പലരും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇനിയൊരു തിരിച്ചുവരവ് ഇല്ലായെന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിധി എഴുതുകയും ചെയ്തു. എങ്കിൽ ഇപ്പോഴിതാ മോഹൻലാൽ തന്റെ സിനിമ സാമ്രാജ്യം തിരിച്ചുപിടിക്കാൻ എത്തുകയാണ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മോഹൻലാൽ അന്നൗൺസ് ചെയ്തിരിക്കുകയാണ്.
മോൺസ്റ്റർ ഇറങ്ങിയ ശേഷം മുതൽ സമൂഹ മാധ്യമങ്ങളിൽ ഇത്തരം ഒരു കാര്യം പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴിതാ താരം തന്നെ ഔദോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. മോഹൻലാലിൻറെ ആരാധകരും ഏറെ ആവേശത്തിലാണ്. തങ്ങളുടെ പ്രിയനടന്റെ അതിശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലിജോ ജോസിന് ഒപ്പം ചർച്ചകൾ നടത്തുന്നതിന്റെ ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചത്.