‘പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം..’ – അമ്മയുടെ കൂട്ടുകാരിയെ കാണാൻ ഓടിയെത്തി മോഹൻലാൽ

നടൻ മോഹൻലാലിൻറെ അച്ഛൻ വിശ്വനാഥൻ നായരും അമ്മ ശാന്തകുമാരിയും തിരുവനന്തപുരത്തെ വീട്ടിലേക്ക് താമസം മാറുന്നത് അദ്ദേഹത്തിന് മൂന്ന് വയസ്സുള്ളപ്പോഴാണ്. അധികം വീടുകളൊന്നും ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നില്ല അത്. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള വീട് നോവലിസ്റ്റ് കേശവദേവന്റെ ആയിരുന്നു. കേശവദേവനും കുടുംബവുമായിരുന്നു അവിടെ താമസിച്ചിരുന്നത്.

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി തങ്ങളുടെ ഏക അയൽക്കാരായ കേശവദേവന്റെ ഭാര്യ സീതാലക്ഷ്മി കേശവദേവനെ പരിചയപ്പെട്ടു. ഇരുവരും തമ്മിലുള്ള ഒരു സൗഹൃദം ഉണ്ടാവുകയും ചെയ്തിരുന്നു. ഒരു ആഴമേറിയ ആത്മബന്ധമാണ് ശാന്തകുമാരിയും സീതാലക്ഷ്മിയും തമ്മിലുണ്ടായത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സംസാരിക്കുന്ന ഇരുവർക്കുമിടയിലുള്ള ആ സൗഹൃദം കുടുംബത്തിലേക്കും വളർന്നു.

തങ്ങളുടെ പ്രിയപ്പെട്ട ലാലു മോഹൻലാൽ എന്ന മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനായി മാറുന്നത് ശാന്തകുമാരി മാത്രമല്ല സീതാലക്ഷ്മിയും ഏറെ അഭിമാനത്തോടെയാണ് നോക്കികണ്ടത്. മോഹൻലാലിനെ സ്വന്തം അമ്മയെ പോലെ തന്നെയാണ് സീതാലക്ഷ്മിയും. വർഷങ്ങൾക്ക് ഇപ്പുറവും ആ കുടുംബവുമായുള്ള ബന്ധം മോഹൻലാൽ കാത്തുസൂക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം മോഹൻലാൽ അവിടെ എത്താറുണ്ട്. ഈ കഴിഞ്ഞ ദിവസം മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട സീതാലക്ഷ്മി അമ്മയെ കാണാൻ എത്തിയിരുന്നു.

അതിന്റെ ചിത്രങ്ങൾ അവരുടെ മകൻ ജ്യോതിദേവ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. “പ്രിയപ്പെട്ട ലാലു ചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോൾ.. വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മ ബന്ധം..”, ജ്യോതിദേവ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു. മോഹൻലാൽ ജ്യോതിദേവിനെ കാണുന്നതും ഒരു സഹോദരതുല്യനായിട്ടാണ്. അടുത്ത തവണ വരുമ്പോൾ ശാന്തകുമാരിയമ്മയെ കൂടി കൊണ്ടുവരണമെന്നാണ് സീതാലക്ഷ്മി ലാലുവിനോട് ആവശ്യപ്പെട്ടത്.