ഗാനഗന്ധർവൻ കെ.ജെ യേശുദാസിനെ അമേരിക്കയിലെ വീട്ടിൽ എത്തി കണ്ട് നടൻ മോഹൻലാൽ. ഏറെ വർഷങ്ങളായി യേശുദാസ് അമേരിക്കയിലുള്ള മകന്റെ വീട്ടിലാണ് താമസിക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളിൽ പോലും അദ്ദേഹം ഇപ്പോൾ അത്ര സജീവമല്ല. 2020-ന് ശേഷം ഇടയ്ക്ക് ഒന്നോ രണ്ടോ സിനിമകളിൽ മാത്രമാണ് അദ്ദേഹം പാടിയിട്ടുള്ളത്. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ അദ്ദേഹം മാറി നിൽക്കുകയാണ്.
അമേരിക്കയിലുള്ള മകന്റെ വീട്ടിൽ സ്ഥിരമായി താമസിക്കുന്ന അദ്ദേഹത്തെ കാണാൻ വളരെ അപ്രതീക്ഷിതമായ ഒരു അതിഥിയായി എത്തിയതാണ് മോഹൻലാൽ. താൻ ഏറെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ദാസേട്ടനെ കാണാൻ വേണ്ടി മോഹൻലാൽ എത്തുകയും ദാസേട്ടൻ ഒപ്പമുള്ള ചിത്രങ്ങൾ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയുമുണ്ട്.
രണ്ട് ലെജെൻഡസ് ഒറ്റ ഫ്രെയിമിൽ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ ഇരിക്കുന്ന കമന്റ്. ഏഷ്യാനെറ്റിന്റെ എംഡി മാധവൻ നായരും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു. അവരും ഒരുമിച്ചുള്ള ഫോട്ടോ മോഹൻലാൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഗാനഗന്ധർവൻ്റെ വസതിയിൽ.. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ..”, മോഹൻലാൽ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.
എമ്പുരാന്റെ ഷൂട്ടിങ്ങിന് വേണ്ടി അമേരിക്കയിൽ എത്തിയതാണ് മോഹൻലാൽ. പൃഥ്വിരാജ്, മോഹൻലാൽ ടീം വീണ്ടും ലൂസിഫർ, ബ്രോ ഡാഡി എന്നീ സിനിമകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ എത്തുന്നത്. സിനിമയിൽ പല സർപ്രൈസ് താരങ്ങളുണ്ടെന്നും പാൻ ഇന്ത്യ ലെവലിലാണ് ചിത്രം ഇറങ്ങാൻ പോകുന്നതെന്നും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.