‘നീണ്ട 22 വർഷങ്ങൾ! നിന്റെ സ്നേഹത്തിനും കരുതലിനും നന്ദി പ്രിയ..’ – വിവാഹ വാർഷിക ദിനത്തിൽ നടൻ അരുൺ ഘോഷ്

സിനിമ, സീരിയൽ അഭിനേതാവായും നിർമാതാവായും മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ അരുൺ ഘോഷ്. സീരിയലുകളിൽ നായകനായും വില്ലനായുമൊക്കെ സജീവമായി തിളങ്ങി നിൽക്കുന്ന സമയത്താണ് അരുൺ ഇരുപത്തിമൂന്നാം വയസ്സിൽ പ്രണയിച്ച് വിവാഹിതനാകുന്നത്. ആ സമയത്ത് തന്നെ അരുൺ ഒരു സിനിമ നിർമ്മിച്ചെങ്കിലും അത് തിയേറ്ററിൽ വമ്പൻ പരാജയമായി മാറിയിരുന്നു.

ഗ്രീറ്റിംഗ്‌സ് എന്ന സിനിമയായിരുന്നു അത്. ജയസൂര്യ, കാവ്യാ പ്രധാന വേഷത്തിൽ എത്തിയ ആ സിനിമ പരാജയപ്പെട്ടതോടെ താരം കടത്തിൽ ആയെങ്കിലും പിന്നീട് അരുൺ സീരിയലിൽ കൂടുതൽ നല്ല വേഷങ്ങൾ ചെയ്തു. പാരിജാതം, സ്നേഹക്കൂട്, മാനസപുത്രി തുടങ്ങിയ പരമ്പരകളിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടിയെടുക്കുന്നതിന് ഒപ്പം തന്നെ അവാർഡുകൾ വാരിക്കൂട്ടി. പാരിജാതത്തിലെ ജെപി എന്നായിരുന്നു അറിയപ്പെട്ടിരുന്നത് തന്നെ.

പിന്നീട് അരുൺ ആദ്യം നഷ്ടം സംഭവിച്ച നിർമ്മാണ മേഖലയിൽ ഒരിക്കൽ കൂടി കൈവച്ചു. ഈ തവണ അരുണിന് കൈ പൊള്ളിയില്ല. വെള്ളരിപ്രാവിന്റെ ചങ്ങാതി, റൊമാൻസ്, ഉത്സാഹ കമ്മിറ്റി, ജോർജേട്ടൻസ് പൂരം, വികടകുമാരൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ചു. ഇതിനോടൊപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഏഷ്യാനെറ്റിൽ ഈ അടുത്തിടെ സംപ്രേക്ഷണം ചെയ്ത നമ്മൾ എന്ന പരമ്പരയിലാണ് അരുൺ അവസാനമായി അഭിനയിച്ചത്.

പ്രിയ എന്നാണ് അരുണിന്റെ ഭാര്യയുടെ പേര്. രണ്ട് പെണ്മക്കളാണ് ഉള്ളത്. ശിവാനി, വൈഗ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഈ കഴിഞ്ഞ ദിവസം അരുണിന്റെ വിവാഹ വാർഷികം ആയിരുന്നു. വിവാഹ വാർഷിക ദിനത്തിൽ അരുൺ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “നീണ്ട 22 വർഷങ്ങൾ.. പ്രിയ, നിന്റെ സ്നേഹത്തിനും കരുതലിനും നന്ദി.. വാർഷികാശംസകൾ ഡിയർ..”, ഇതായിരുന്നു അരുൺ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.