‘പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവ്..’ – ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മോഹൻലാൽ

മുൻമുഖ്യമന്ത്രിയും 53 വർഷമായി പുതുപ്പള്ളി നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 1970 മുതൽ 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഉമ്മൻ ചാണ്ടി അവിടെ നിന്ന് മത്സരിച്ച്‌ ജനങ്ങൾ വിജയിപ്പിച്ച ഒരാളാണ്. അത്രത്തോളം ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു ഉമ്മൻ ചാണ്ടി എന്ന രാഷ്‌ടീയ നേതാവ്.

രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ തന്റെ പ്രിയപ്പെട്ട നേതാവിനെ കുറിച്ചുള്ള ഓർമ്മകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “പ്രഥമ പരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവ്.

സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്ക് ഇറങ്ങി ചെന്ന മനുഷ്യ സ്നേഹിയുമായിരുന്നു പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്ക് ഉണ്ടായിരുന്നു. ദീർഘ വീഷണവും ഇച്ഛാശക്തിയും ഉള്ള, കർമ്മ ധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തു പിടിച്ചു.

നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ..”, മോഹൻലാൽ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ടെലിവിഷൻ ചാനലിന് വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിച്ചിരുന്ന ഒരാളുകൂടിയായിരുന്ന മോഹൻലാൽ. രണ്ടുമാസം മുമ്പ് അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്ന സമയത്ത് ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും ഒരു ചാനലിൽ അദ്ദേഹം പറഞ്ഞിരുന്നു.