‘ഞാൻ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല..’ – ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് അഖിൽ മാരാർ

കേരളത്തിന്റെ മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ബംഗളൂരുവിൽ ക്യാൻസർ ബാധിതനായി ചികിത്സയിൽ ഇരിക്കെ അന്തരിച്ചു. 79 വയസ്സായിരുന്നു. മകനും കോൺഗ്രസിന്റെ നേതാവുമായ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. വെളുപ്പിനെ നാലരയ്ക്ക് ആയിരുന്നു അന്ത്യം. രാഷ്ട്രീയ, സിനിമ, സാംസ്കാരിക രംഗത്തുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

മലയാള സിനിമയിൽ സംവിധായകനും ഈ കഴിഞ്ഞ ബിഗ് ബോസ് സീസൺ ഫൈവിലെ വിജയിയുമായ അഖിൽ മാരാരുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഉമ്മൻ ചാണ്ടിക്ക് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുസ്മരണം അറിയിച്ചിരിക്കുന്നത്. അഖിൽ മാരാർ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പല അഭിമുഖങ്ങളിലും ബിഗ് ബോസ് ഷോയിലും വ്യക്തമാക്കിയിരുന്നു.

“ഞാൻ ഇത്രയേറെ സ്നേഹിച്ച, ആരാധിച്ച ഒരു ജനനേതാവ് വേറെയില്ല.. ജനങ്ങളെ ഇത്ര ഏറെ സ്നേഹിച്ച ഒരു ജന നേതാവും വേറെയുണ്ടാവില്ല.. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ. നേരിന്ന് നേരായ നേർവഴി കാട്ടിയോൻ, ശക്തിയായ് സത്യത്തെ സഹചാരി ആക്കിയോൻ, ഒപ്പം നടന്നവർ.. കൂടെ ചിരിച്ചവർ, ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ, ആരോപണത്തിന്റെ കൂരമ്പുകൾകൊണ്ട് വില്ലുകുലച്ചു നിന്ന നാളിൽ.

മന്ദഹാസത്താൽ കൂരമ്പ് മാലയെ, പൂമാല പൊന്ന് മാലയാക്കി കുഞ്ഞൂഞ്ഞ്.. വിട..”, എന്നായിരുന്നു അഖിൽ മാരാർ മുഖ്യമന്ത്രിയെ അനുശോചിച്ച് പോസ്റ്റിട്ടത്. അഖിലിന്റെ പോസ്റ്റിന് താഴെ തങ്ങളുടെ പ്രിയനേതാവിന് ആദരഞ്ജലികൾ അർപ്പിച്ച് നിരവധി മലയാളികളാണ് കമന്റുകൾ ഇട്ടത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുക.