‘സുഹൃത്തിനെക്കാൾ ഉപരി സ്നേഹ സമ്പന്നനായ ഒരു സഹോദരൻ ആയിരുന്നു..’ – സംഗീത് ശിവനെ ഓർത്ത് മോഹൻലാൽ

സംവിധായകൻ തിരക്കഥാകൃത്തുമായ സംഗീത് ശിവന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു സംഗീത് ശിവന്റെ അന്ത്യം. 65 വയസ്സായിരുന്നു. സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ സഹോദരൻ കൂടിയാണ് സംഗീത്. ഛായാഗ്രാഹകനായ ശിവന്റെ മകനാണ് സംഗീത്.

സംഗീതിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെ സംഗീതിന് അനുശോചനം രേഖപ്പെടുത്തി. “സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്.

അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട..”, മോഹൻലാൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എഴുതി. നിരവധി പേർ പോസ്റ്റിന് താഴെ സംഗീതിന് പ്രണാമം അർപ്പിക്കുകയും ചെയ്തു.

മോഹൻലാലിന് ഒപ്പമാണ് സംഗീതിന്റെ സൂപ്പർഹിറ്റ് സിനിമകൾ എല്ലാം പിറന്നിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റുകളായ യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങിയ മോഹൻലാൽ സിനിമകൾ എല്ലാം സംവിധാനം ചെയ്തത് സംഗീതാണ്. രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്ക് കാപ്പകപീ ഷൂട്ടിംഗ് പൂർത്തിയായി റിലീസ് ചെയ്യാൻ ഇരിക്കുമ്പോഴാണ് സംഗീതിന്റെ അന്ത്യം സംഭവിക്കുന്നത്. സന്തോഷിനെ കൂടാതെ സഞ്ജീവ് എന്നൊരു സഹോദരൻ കൂടിയുണ്ട്. സഞ്ജീവും സംവിധായകനാണ്.